പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെക്കണ്ട് യുവാവ് മെത്താഫിറ്റമിൻ അടങ്ങിയ സിപ്പ് കവർ വിഴുങ്ങി.ശനിയാഴ്ച രാത്രി കണലാടാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്‌സിൻ (26) മാരകലഹരിമരുന്ന് അടങ്ങിയ കവർ അപ്പാടെ വിഴുങ്ങിയത്. തുടർന്നുനടത്തിയ പരിശോധനയിൽ യുവാവിന്റെ കൈയിൽനിന്ന് 0.544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തുകയുംചെയ്തു. ഇയാളെ ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പരിശോധകസംഘത്തെ കണ്ട പരിഭ്രാന്തിയിൽ ചെറിയൊരുശതമാനം മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങിയതായി യുവാവ് സമ്മതിച്ചതായും യുവാവിന്റെ ആരോഗ്യനിലയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും എക്സൈസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എ.ജി. തമ്പിയുടെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ഐബി പ്രിവന്റീവ് ഓഫീസർ പി. സുരേഷ് ബാബു, താമരശ്ശേരി റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ അജീഷ്, സിഇഒ സി.വി. ഷാജു, ഡ്രൈവർ ഷിതിൻ എന്നിവരുൾപ്പെട്ട സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധകസംഘത്തെ കണ്ടപാടെ വീടിനുസമീപത്തെ റോഡിൽവെച്ച് യുവാവ് കൈയിലുണ്ടായിരുന്ന പാക്കറ്റ് വിഴുങ്ങുകയായിരുന്നു. എന്നാൽ, പിന്നീട് തുടർപരിശോധനയിൽ, ലഹരിമരുന്ന് അടങ്ങിയ മറ്റൊരു പാക്കറ്റ് ഇയാളുടെ പക്കൽനിന്ന് കണ്ടെത്തുകയായിരുന്നു

