Site iconSite icon Janayugom Online

മെട്രോ തൂൺ തകർന്ന സംഭവം; എട്ട് പേർക്കെതിരെ കേസ്

ബെംഗളൂരുവില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന മെട്രോതൂണ്‍ തകര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ഉള്‍പ്പെടെ എട്ടാളുകളുടെ പേരില്‍ കേസെടുത്തു.

ഈ ഭാഗത്തെ പാതാ നിര്‍മാണച്ചുമതലയുള്ള നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി, കമ്പനിയുടെ എന്‍ജിനിയര്‍മാരും സൂപ്പര്‍വൈസര്‍മാരുമായ അഞ്ചുപേര്‍, പാതയുടെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ബിഎംആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവരുടെ പേരിലാണ് ഹെന്നൂര്‍ പൊലീസ് കേസെടുത്തത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറേയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും സൈറ്റ് എഞ്ചിനീയറേയും സസ്‌പെന്റ് ചെയ്തതായി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ ഔട്ടര്‍ റിങ് റോഡ് എച്ച്ബിആര്‍ ലേഔട്ടിന് സമീപമായിരുന്നു അപകടം. തേജസ്വിനി (29), മകന്‍ രണ്ടരവയസ്സുകാരനായ വിഹാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് കുമാര്‍, മകള്‍ വിസ്മിത എന്നിവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Eng­lish Summary:
Metro pil­lar col­lapse inci­dent; Case against eight people

You may also like this video:

Exit mobile version