Site iconSite icon Janayugom Online

ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചു കയറി അപകടം; രണ്ട് മരണം

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. അപകടത്തില്‍ 19 പേർക്ക് പരിക്കേറ്റതായും അതിൽ നാല് പേരുടെ നില ഗുരുതരമാണെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് 277 പേർ കപ്പലിലുണ്ടായിരുന്നു. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂയോർക്ക് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ മെക്സിക്കൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏകദേശം 297 അടി നീളവും 40 അടി വീതിയുമുള്ള അക്കാദമി പരിശീലന കപ്പലായ കുവാട്ടെമോക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മെക്സിക്കൻ നാവിക സേന വ്യക്തമാക്കി. ബ്രൂക്ലിൻ പാലത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മേയർ പറഞ്ഞു. എങ്കിലും ഗതാഗത വകുപ്പ് പാലത്തിന്റെ ഘടനാപരമായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിട്ടതായാണ് റിപ്പോർട്ട്.

Exit mobile version