Site iconSite icon Janayugom Online

ആധുനിക ചിത്രകലയുടെ ചരിത്രവുമായി ദോഹയിലെ എംഎഫ് ഹുസൈന്‍ മ്യൂസിയം

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ എജ്യുക്കേഷന്‍ സിറ്റിയിലെ എം എഫ് ഹുസൈന്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള കലാകാരനായ ഹുസൈന്റെ ജീവിതം, കല എന്നിവ സമഗ്രമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ മ്യൂസിയമാണിത്.ആര്‍ക്കിടെക്റ്റ് മാര്‍ട്ടാന്‍ഡ് ഖോസ്‌ലയാണ് 3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മ്യൂസിയം രൂപകല്പന ചെയ്തത്. പെയിന്റിങ്, ഫിലിം, ചിത്രത്തുന്നല്‍, ഫോട്ടോകള്‍, കവിത, ഇന്‍സ്റ്റലേഷന്‍ എന്നിവ അടക്കം എം എഫ് ഹുസൈന്റെ ആറ് പതിറ്റാണ്ട് കാലത്തെ ശേഖരങ്ങള്‍ ഇവിടെ കാണാം. 1950 മുതല്‍ 2011ല്‍ അദ്ദേഹം മരിക്കും വരെയുള്ള ജീവിതം ഓര്‍മ്മിപ്പിക്കുന്ന 150ലധികം കൃതികളും വസ്തുക്കളും ഉള്‍ക്കൊള്ളുന്ന ശേഖരവും മ്യൂസിയത്തിലുണ്ട്. ഇവയില്‍ പലതും ആദ്യമായാണ് പൊതു പ്രദര്‍ശനത്തിന് വയ്ക്കുന്നത്. 

ഖത്തറിലെ അവസാന നാളുകളില്‍ അറബ് നാഗരികതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരച്ച ചിത്രങ്ങളുടെ പരമ്പര ഷെയ്ഖ മോസ ബിന്‍ത് നാസര്‍ രാജ്ഞിയാണ് കമ്മിഷന്‍ ചെയ്തത്. അവയും മ്യൂസിയത്തിലുണ്ടാകും. അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാനപ്പെട്ട ചിത്രമായ സീറു ഫി അല്‍ അര്‍ദ് (2009) ഗ്യാലറിയിലുള്‍പ്പെടുത്തും. മനുഷ്യരാശിയുടെ സാങ്കേതിക, സാംസ്കാരിക പുരോഗതി ചിത്രീകരിക്കുന്ന മള്‍ട്ടിമീഡിയ ഇന്‍സ്റ്റലേഷനാണിത്.
1913ല്‍ ഇന്ത്യയില്‍ ജനിച്ച എംഎഫ് ഹുസൈന്‍ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക അംഗമായി. അക്കാദമിക്ക് പാരമ്പര്യങ്ങളി‍ല്‍ നിന്ന് വഴിമാറി സഞ്ചരിച്ച് ഇന്ത്യന്‍ പെയിന്റിങ് മേഖലയ്ക്ക് പുതിയ രൂപം നല്‍കി. ഓയില്‍ പെയിന്റിങ്, സ്ക്രീന്‍പ്രിന്റിങ്, ശില്പം, സിനിമ എന്നീ മേഖലകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. പുരാണേതിഹാസങ്ങളും ഗ്രാമീണ ജീവിതവും ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷമുള്ള യാഥാര്‍ത്ഥ്യങ്ങളും മത വൈവിധ്യവും അടക്കമുള്ള നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ കലയില്‍ നിറഞ്ഞുനിന്നു. 

1952ലെ വെനീസ് ബിനാലെ മുതല്‍ ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയം (2014) വരെയുള്ള പ്രദര്‍ശനങ്ങളിലൂടെ അദ്ദേഹത്തിന്റെ കരിയര്‍ കടന്നുപോകുന്നു. ഒരു ആഗോള നാടോടിയായാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. യൂറോപ്പ്, യുഎസ്, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. സരസ്വതിദേവിയുടെ നഗ്നചിത്രം വരച്ചതിനെത്തുടര്‍ന്ന് ഹിന്ദുത്വ ശക്തികള്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും ജീവന് ഭീഷണി ഉയരുകയും ചെയ്തതോടെ അദ്ദേഹം ഖത്തറിലേക്ക് പോവുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. 

Exit mobile version