Site icon Janayugom Online

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് എം ജി ദാവൂദ് മിയാഖാന്‍

ഇപ്പോഴത്തെ രാഷ്ട്രീയ സാചര്യത്തില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദേ മില്ലത്ത് ഇസ്മയില്‍ സാഹിബിന്റെ പൗത്രന്‍ എം ജി ദാവൂദ് മിയാഖാന്‍. ഖായിദേമില്ലത്ത് കോളജ് സെക്രട്ടറിയും കറസ്പോണ്ടന്റുും കൂടിയായ ദാവൂദ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തമിഴ്‌നാട്ടിലെ ഏതെങ്കിലും സീറ്റില്‍ രാഹുല്‍ മത്സരിക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.

വയനാട്ടില്‍ സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ വീണ്ടും മത്സരിക്കുവാനുള്ള തീരുമാനം നിരാശപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. ദേശീയ തലത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍‍ക്കെതിരെ പോരാടുന്ന ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫും യുഡിഎഫും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ നായക സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ മറ്റിടങ്ങളില്‍ ജയിക്കാവുന്ന നിരവധി സാഹചര്യങ്ങള്‍ താങ്കള്‍ക്കുണ്ട്. താങ്കള്‍ ജയിക്കണമെന്നത് അനിവാര്യമാണെന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പാര്‍ലമെന്റില്‍ ശക്തമായ ഇടതുപക്ഷം ഉണ്ടായിരിക്കുകയെന്നതും.

ലീഗ് സ്ഥാപക അധ്യക്ഷന്റെ പൗത്രന്‍ എന്ന നിലയില്‍ അഞ്ച് ദശകത്തോളമായി മലബാര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്. അതില്‍ നിന്നുളള അനുഭവത്തിലൂടെ, പാർലമെന്റിൽ ഇടതുപാർട്ടികളുടെ ശബ്ദം ശക്തമാക്കണമെന്ന നിലപാടുള്ള നിരവധി മുസ്ലിം വോട്ടര്‍മാര്‍ ഈ മേഖലയിലുണ്ടന്ന് മനസിലാക്കുന്നതായും അതുകൊണ്ട് മറ്റേതെങ്കിലും മണ്ഡലത്തില്‍ മാറി മത്സരിക്കണമെന്നും ദാവൂദ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: MG Dawood Miyakhan says Rahul Gand­hi should not con­test­ing in Wayanad
You may also like this video

Exit mobile version