ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. 2023–24 സാമ്പത്തിക വര്‍ഷം പദ്ധതി നടത്തിപ്പിന് 60,000 കോടി മാത്രമാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 73,000 കോടി അനുവദിച്ച സ്ഥാനത്താണ് 13,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. ഫണ്ട് വെട്ടിക്കുറച്ച നടപടിയെ ഗ്രാമവികസന-പഞ്ചായത്തിരാജ് വകുപ്പ് പാര്‍ലമെന്ററി സമിതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഗ്രാമീണ മേഖലയില്‍ നിരവധി പേര്‍ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഫണ്ട് വെട്ടിക്കുറച്ചതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. പദ്ധതി തുക വെട്ടിക്കുറച്ച നടപടിയെക്കുറിച്ച് മറുപടി നല്‍കാന്‍ മന്ത്രാലയം ബാധ്യസ്ഥമാണെന്നും സമിതി അഭിപ്രായപ്പെട്ടു. പദ്ധതിക്കുള്ള തുക പുതുക്കിയ മൂല്യനിര്‍ണയം അനുസരിച്ച് 89,000 കോടി രൂപയാണ്. ഇത് 29,400 കോടിയുടെ വെട്ടിക്കുറവാണെന്ന് സമിതി വിലയിരുത്തി.
തൊഴിലുറപ്പ് വേതനം വിതരണം ചെയ്യാന്‍ കുടിശികയായി 6231 കോടിയും ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 7,616 കോടിയും ബാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. പദ്ധതിത്തുക വെട്ടിക്കുറയ്ക്കുന്ന നടപടി ന്യായീകരിക്കുന്ന മന്ത്രാലയം ഫണ്ടിന്റെ കാര്യത്തില്‍ നിരത്തുന്ന വാദം അംഗീകരിക്കാനാകില്ല. ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വിവിധ കാരണങ്ങള്‍ മൂലമാണെന്ന വാദം പതിവ് പല്ലവിയാണെന്നും സമിതി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സംവിധാനം (എന്‍എംഎംഎസ് ) പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പുതിയ സംവിധാനം തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഇതിനകം വ്യാപക പരാതി ഉയര്‍ന്നു കഴിഞ്ഞു. തൊഴിലാളി വിരുദ്ധ പരിഷ്കാരം വഴി ആയിരക്കണക്കിനു പേര്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ദരിദ്ര ജനവിഭാഗം കൂടുതലായി ആശ്രയിക്കുന്ന പദ്ധതിക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തി ജനോപകാരപ്രദമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
English Summary: MGNRE Scheme; funding cut; Parliamentary committee with severe criticism
You may also like this video