Site icon Janayugom Online

തൊഴിലുറപ്പ് പദ്ധതി; സംസ്ഥാനങ്ങൾക്കുള്ള കുടിശിക 9,682 കോടി

MNERGA

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാന സർക്കാരുകൾക്കുള്ള കുടിശിക 9,682 കോടി. ഇത് 2021 നവംബർ 26 വരെയുള്ള കണക്കാണെന്നും ഈ വർഷം പദ്ധതി പ്രകാരം അനുവദിച്ച ഫണ്ടിന്റെ 100 ശതമാനം ഇതിനകം ചെലവഴിച്ചുവെന്നും സ്വരാജ് അഭിയാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹര്‍ജി അടിയന്തിരമായി വാദം കേൾക്കുന്നതിനായി പട്ടികപ്പെടുത്താൻ ചീഫ് ജസ്റ്റിസ് എൻ വി രമണ സമ്മതിച്ചു.

എംജിഎൻആർഇജിഎ പ്രകാരം കൂലി ലഭിക്കാത്ത കോടിക്കണക്കിന് ഗ്രാമീണരുടെ ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ചെറിൽ ഡിസൂസയും ആണ് കോടതിയെ സമീപിച്ചത്. തൊഴിലുറപ്പ് വേതനം മിക്ക സംസ്ഥാനങ്ങളിലും നെഗറ്റീവ് ബാലൻസായി കിടക്കുകയാണ്. കോവിഡ് രാജ്യത്തുടനീളം പദ്ധതിയുടെ ഗുണഭോക്താക്കളുടെ ദുരിതത്തിന് കാരണമായി- അപേക്ഷയിൽ പറയുന്നു. രജിസ്റ്റേർഡ് തൊഴിൽ കാർഡ് ഉടമകൾക്ക് തൊഴിൽ ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കുകയാണ്. നിശ്ചിത തൊഴിൽ നല്കുന്നതിൽ പരാജയപ്പെട്ടാൽ ‘തൊഴിലില്ലായ്മ അലവൻസ്’ നല്കാൻ നടപടി വേണം.

നിലവിലെ ദുരിതം കണക്കിലെടുത്ത്, ഓരോ കുടുംബത്തിനും 50 അധിക തൊഴിൽദിനങ്ങൾ നൽകാൻ സർക്കാരിനോട് അടിയന്തരമായി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വേതനം വൈകുന്നത് കണക്കിലെടുത്ത് തുക ഉടൻ നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം നിയമം അനുശാസിക്കുന്ന 15 ദിവസത്തിനകം ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ അർഹതയുള്ള ആരെയും തടയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.

Eng­lish Sum­ma­ry: MGNREA: 9,682 crore to the states

You may like this video also

Exit mobile version