Site iconSite icon Janayugom Online

മെസിയഴകില്‍ മിയാമി; പിഎസ്ജിയെ അട്ടിമറിച്ച് ബൊട്ടഫോഗോ

ക്ലബ്ബ് ലോകകപ്പില്‍ ഇന്റര്‍ മിയാമിക്ക് ആദ്യ ജയം. ഗ്രൂപ്പ് എയില്‍ എഫ്‌സി പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മിയാമി തോല്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മെസിയും സംഘവും തിരിച്ചടിച്ചത്. എട്ടാം മിനിറ്റില്‍ പോര്‍ട്ടോയ്ക്ക് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. പോര്‍ട്ടോ താരം ജോവോ മാരിയോയെ മിയാമിയുടെ നോഹ അലന്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത സാമു അഗീഹോവ പന്ത് ഇന്ററിന്റെ വലയിലെത്തിച്ചു. 19-ാം മിനിറ്റില്‍ തിരിച്ചുവരവിന് മിയാമിക്ക് ഗോളവസരം ലഭിച്ചു. എന്നാല്‍ മെസിയുടെ പാസില്‍ സുവാരസിന്റെ ഷോട്ട് പോര്‍ട്ടോ ഗോള്‍കീപ്പര്‍ തടഞ്ഞു. ഇതോടെ ആദ്യ പകുതി ഒരു ഗോള്‍ ലീഡുമായി പോര്‍ട്ടോ മുന്നില്‍ നിന്നു. ആദ്യപകുതി പോര്‍ട്ടോയുടെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഇന്റര്‍ മിയാമിയുടെ ആധിപത്യമാണ് കണ്ടത്. 47-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവയിലൂടെ മിയാമി സമനില പിടിച്ചു. മാഴ്‌സലോ വെയ്ഗാന്‍ഡ് ബോക്‌സില്‍ നിന്ന് കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് മികച്ച ഷോട്ടിലൂടെ സെഗോവ പോര്‍ട്ടോയുടെ വലയിലെത്തിച്ചു. 54-ാം മിനിറ്റിൽ ലയണല്‍ മെസിയിലൂടെ മിയാമി വിജയഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് ഇന്റര്‍ മിയാമിക്ക് ജയമൊരുക്കിയത്. ഇതോടെ ഇന്റര്‍ മിയാമിക്കായി 50 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കാനും മെ­സിക്ക് കഴിഞ്ഞു. മിയാമിക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. 61 മത്സരങ്ങളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളില്‍ നിന്നുമാണ് മെസി 50 ഗോളുകളാണ് നേടിയത്. 

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് പോയിന്റുമുള്‍പ്പെടെ രണ്ടാമതാണ് ഇന്റര്‍ മിയാമി. ഇത്രതന്നെ പോയിന്റുള്ള പാള്‍മെറാസാണ് തലപ്പത്ത്. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രസീലിയന്‍ ക്ലബ്ബ് ബൊട്ടഫോഗോ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് വമ്പന്മാരെ തോല്പിച്ചത്. 36-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഇഗോർ ജെസ്യൂസാണ് വിജയഗോള്‍ നേടിയത്. 75 ശതമാനം പന്ത് കാല്‍ക്കല്‍ വച്ചിട്ടും 749 പാസുകള്‍ കൈമാറിയിട്ടും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. ബ്രസീലിയന്‍ സീരി എയിലെ നിലവിലെ ചാമ്പ്യന്മാരാണ് ബൊട്ടഫോഗോ. ബോട്ടഫോഗോയ്ക്ക് നാല് ഓൺ ടാർഗറ്റ് ഷോട്ടുകളുള്ളപ്പോൾ, പിഎസ്ജി ലക്ഷ്യത്തിലേക്ക് പായിച്ചത് രണ്ട് ഷോട്ടുകൾ മാത്രം. ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരവും വിജയിച്ച് ആറ് പോയിന്റോടെ ബോട്ടഫോഗയാണ് തലപ്പത്ത്. മൂന്ന് പോയിന്റുമായി പിഎസ്ജിയാണ് തൊട്ടുപിന്നില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അമേരിക്കൻ ക്ലബ്ബ് സീറ്റിൽ സൗണ്ടേഴ്സിനെ അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ത്തു. പാബ്ലോ ബാരിയസ് ഇരട്ടഗോളുമായി തിളങ്ങി. ആക്സല്‍ വിസലാണ് മറ്റൊരു സ്കോറര്‍. 

Exit mobile version