ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതിയെന്ന് റിപ്പോർട്ട്. നീണ്ട 12 വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഷൂമാക്കർ വീൽചെയറിലിരിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയതായാണ് സൂചന. 2013ൽ ഫ്രഞ്ച് ആൽപ്‌സിൽ വെച്ചുണ്ടായ അപകടത്തിന് ശേഷം ഷൂമാക്കർ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന ലോകത്തിന്റെ വിധിയെഴുത്തുകളെ തിരുത്തിക്കുറിച്ചാണ് ഈ അത്ഭുതകരമായ പുരോഗതി. താരത്തിന് ഇപ്പോൾ നിവർന്നിരിക്കാനും വീൽചെയറിന്റെ സഹായത്തോടെ വീടിനുള്ളിൽ സഞ്ചരിക്കാനും സാധിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. ഷൂമാക്കറുടെ ജീവിതപങ്കാളി കൊറീനയുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും വിദഗ്ധരായ മെഡിക്കൽ സംഘത്തിന്റെ നിരന്തര പരിചരണവുമാണ് ഈ ‘മെഡിക്കൽ മിറാക്കിളിന്’ പിന്നിൽ.
മകനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ പാറയിൽ തലയിടിച്ച് വീണ ഷൂമാക്കറുടെ തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുകയും വർഷങ്ങളോളം അദ്ദേഹം കോമയിലാവുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ സ്വകാര്യത പരമാവധി സംരക്ഷിച്ചുകൊണ്ട് കൊറീന ഒരുക്കിയ ലോകോത്തര ചികിത്സാ സൗകര്യങ്ങളാണ് ഈ തിരിച്ചുവരവിന് വഴിതുറന്നത്. ഫോർമുല വൺ ട്രാക്കിലെ ഇതിഹാസമായ ഷൂമാക്കർ ഏഴ് ലോക കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2000 മുതൽ 2004 വരെ തുടർച്ചയായി അഞ്ച് തവണ ലോക ചാമ്പ്യനായി റെക്കോർഡ് സൃഷ്ടിച്ച അദ്ദേഹം 2012ലാണ് ട്രാക്കിനോട് വിടപറഞ്ഞത്. ട്രാക്കിലെ പോരാളിയെ പോലെ ജീവിതത്തിലേക്കും അദ്ദേഹം കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

