ഉക്രെയ്‍നിയന്‍ തുറമുഖ നഗരമായ മെെക്കോലെെവില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഓഫീസ് കെട്ടിടത്തിലുണ്ടായ മിസെെലാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉക്രെയ്‍ന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രം മെെക്കോലെെവ് ഗവര്‍ണര്‍ വിറ്റാലി കിം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.അതിനിടെ, കീവിലെ ഇര്‍പിന്‍ പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഉക്രെയ്‍ന്‍ സെെന്യം അറിയിച്ചു. തലസ്ഥാന നഗരമായ കീവില്‍ നിന്ന് ഇര്‍പിനിലേക്കുള്ള പ്രധാന ചെക്ക് പോയിന്റുകള്‍ തുറന്നതായും സിറ്റി മേയര്‍ അറിയിച്ചു. ഇര്‍പിന്റെ നിയന്ത്രണം നഷ്ടമായത് റഷ്യന്‍ സെെന്യത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഗുരുതര മാനുഷിക പ്രതിസന്ധി നേരിടുന്ന മരിയുപോളില്‍ ഏകദേശം 5,000 പേര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഉക്രെയ്‍ന്‍ അറിയിച്ചു. 5,000ത്തോളം പേരെയാണ് ശ്മശാനങ്ങളില്‍ ഇതുവരെ അടക്കം ചെയ്തിട്ടുള്ളതെന്നും 10,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഉക്രെയ്‍ന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും 40 ശതമാനം കെട്ടിടങ്ങൾ പൂർണമായി തകർന്നതായും മേയറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ നിലനില്പിന് ഗുരുതര ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ ആണവായുധങ്ങള്‍ പ്രയോഗിക്കുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് അറിയിച്ചു. ഉക്രെയ്‍ന്‍ സെെനിക നടപടിയില്‍ ആണവായുധം പ്രയോഗിക്കാനുളള കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സെെന്യം നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതായി ഉക്രെയ്‍ന്‍ ആരോപിച്ചു. രാജ്യത്തിന്റെ രണ്ട് തെക്കന്‍ പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്നും ഉക്രെയ്‍ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ പറഞ്ഞു. ഒഡേസ, കേര്‍സന്‍ മേഖലകളിലാണ് റഷ്യന്‍ സെെന്യം ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചത്. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഐറിന കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്‍ന്‍ പ്രതിരോധം ശക്തമായ സാഹചര്യത്തില്‍, വാഗ്‍നര്‍ സംഘത്തിലെ ആയിരത്തോളം കൂലിപടയാളികളെ റഷ്യ യുദ്ധരംഗത്തിറക്കിയെന്ന് യുകെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സെെനിക നീക്കങ്ങള്‍ ഏകോപിപിക്കാന്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ ആരോപണം.
English Summary: Micholeville missile attack; Seven deaths
You may like this video also