Site iconSite icon Janayugom Online

മൈക്രോഫിനാന്‍സ്: കൊള്ളപ്പലിശക്കെതിരെ ആര്‍ബിഐ

മൈക്രോഫിനാന്‍സ് വായ്പയ്ക്ക് കൊള്ളപ്പലിശ ഈടാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മൈക്രോഫിനാന്‍സ് വായ്പകളുടെ ഫീസും മറ്റു ചെലവുകളും മുന്‍കൂട്ടിത്തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്നതാണ് മൈക്രോഫിനാന്‍സ് വായ്പ.
മൈക്രോഫിനാന്‍സ് വായ്പകളുടെ പരമാവധി പലിശ നിരക്ക്, പ്രൊസസിങ് ചെലവുകള്‍ തുടങ്ങിയ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം. വായ്പകള്‍ക്ക് കൊള്ളപ്പലിശ ഈടാക്കുന്നത് അനുവദിക്കാനാവില്ല. വായ്പയുടെ തിരിച്ചടവ്, വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമേ ആകാവു. മൈക്രോഫിനാന്‍സ് വായ്പകള്‍ ആര്‍ബിഐയുടെ സൂക്ഷ്മപരിശോധനയ്ക്കു് വിധേയമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പലിശയ്ക്കു പുറമേ വായ്പയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന ചെലവ് ഏതൊക്കെയെന്ന് വ്യക്തമാക്കണം. ഇതിന്റെ പരമാവധി നിരക്കു മുന്‍കൂട്ടി നിശ്ചയിച്ച് അറിയിക്കണം. ഇതിനപ്പുറമുള്ള തുക ഈടാക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മുഴുവന്‍ തുകയുടെയും പിഴപ്പലിശ ഈടാക്കരുത്. തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്കു മാത്രമേ പിഴപ്പലിശ ബാധകമാവൂവെന്നും ആര്‍ബിഐ അറിയിച്ചു.
രാജ്യത്ത് മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ എടുക്കുന്ന ഈടില്ലാത്തെ എല്ലാ വായ്പകളും ഇനി മുതല്‍ മൈക്രോഫിനാന്‍സ് വായ്പകളായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. നേരത്തെ ഗ്രാമീണ മേഖലയില്‍ 2 ലക്ഷവും നഗര മേഖലയില്‍ 1.6 ലക്ഷവും വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആയിരുന്നു ഈട് വേണ്ടാത്ത മൈക്രോഫിനാന്‍സ് വായ്പയ്ക്ക് യോഗ്യത. ഏപ്രില്‍ മുതല്‍ ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

Eng­lish sum­ma­ry; Micro­fi­nance: RBI against extortion

You may also like this video;

Exit mobile version