Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല; 1.5ലക്ഷം കോടി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചു

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് നദെല്ല എക്സിലൂടെ കുറിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്‍ററുകളും വൈദഗ്ധ്യ വികസനവും ഉൾപ്പെടെ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചറിനായി ബെംഗളൂരുവിൽ നേരത്തെ പ്രഖ്യാപിച്ച മൂന്ന് ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിന് പുറമേയാണിത്. ഈ നിക്ഷേപം കമ്പനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ എഐ-ഫസ്റ്റ് ഭാവിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ദ്ധ്യം, സാങ്കേതിക പരമാധികാര ശേഷികൾ എന്നിവ കെട്ടിപ്പടുക്കുന്നതിനായിയാണ് ഈ നിക്ഷേപം എന്നും കൂട്ടിചേര്‍ത്തു.

ഇതിനുമുന്നേ ഒക്ടോബറിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഹബ്ബിനായുള്ള പദ്ധതികൾ പങ്കുവെക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അദാനി ഗ്രൂപ്പുമായി സഹകരിച്ച് വിശാഖപട്ടണത്ത് ഡാറ്റാ സെന്‍ററും എഐ കേന്ദ്രവും സ്ഥാപിക്കുന്ന ഗൂഗിൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അറിയിച്ചു. ആമസോണും ഇന്ത്യയിൽ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്.

Exit mobile version