Site iconSite icon Janayugom Online

മെെക്രോസോഫ്റ്റ് പാകിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

തൊഴിലാളികളെ കുറയ്ക്കുന്നതിനുള്ള ആഗോള തന്ത്രത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ഓഫിസുകള്‍ അടച്ചുപൂട്ടുമെന്ന് മെെക്രോസോഫ്റ്റ്. 25 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷമാണ് മെെക്രോസോഫ്റ്റ് പാകിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്ഥാനിലെ ജീവനക്കാരുടെ എണ്ണവും പ്രവർത്തനങ്ങളും കുറച്ചുവരികയായിരുന്നു. 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാകിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചത്.
മൈക്രോസോഫ്റ്റ് പാകിസ്ഥാന്റെ സ്ഥാപക മേധാവിയായിരുന്ന ജവ്വാദ് റഹ്മാൻ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ടെക് റഡാറിന്റെ റിപ്പോർട്ട് അനുസരിച്ച്, മൈക്രോസോഫ്റ്റിന്റെ പാകിസ്ഥാനിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കുകയും അഞ്ചോളം ജീവനക്കാർ മാത്രമുള്ള ലൈസൺ ഓഫിസ് മാത്രം നിലനിർത്തുകയും ചെയ്തിരുന്നു.

പാകിസ്ഥാനിൽ നിന്ന് പിന്മാറാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്നും ജവ്വാദ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു കോർപ്പറേറ്റ് പിൻവാങ്ങൽ എന്നതിലുപരി, രാജ്യം സൃഷ്ടിച്ച ഒരു സാഹചര്യത്തിന്റെ വേദനാജനകമായ സൂചനയാണിതെന്നും അദ്ദേഹം കുറിച്ചു. പാകിസ്ഥാനിൽ മൈക്രോസോഫ്റ്റിന് സാന്നിധ്യം നിലനിർത്തുന്നതിനായി കമ്പനിയുടെ പ്രാദേശിക, ആഗോള നേതൃത്വവുമായി സജീവമായി ഇടപെടാൻ റഹ്മാൻ ഐടി മന്ത്രിയോടും സർക്കാരിനോടും അഭ്യർത്ഥിച്ചു.

Exit mobile version