ഗസ്സ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള ബന്ധത്തിൽ കമ്പനി പ്രസിഡന്‍റിന്‍റെ ഓഫീസിൽ സമരം ചെയ്ത 2 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. അന്ന ഹാറ്റിൽ, റിക്കി ഫമേലി എന്നിവർക്കാണ് പിരിച്ചു വിട്ടതായി അറിയിച്ചുകൊണ്ട് വോയ്സ് മെയിൽ ലഭിച്ചത്.
കമ്പനിയുടെ നയങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഓഫീസിലെത്തി പ്രതിഷേധിച്ച ഏഴുപേരെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. അതിൽ രണ്ടുപേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ബാക്കി 5പേർ മൈക്രോസോഫ്റ്റിലെ തന്നെ മുൻകാല ജീവനക്കാരാണ്. സ്വന്തം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് കുടപിടിക്കുകയാണ് മൈക്രോസോഫ്റ്റ് എന്നാരോപിച്ചാണ് ജീവനക്കാർ കമ്പനിക്കുള്ളിൽ പ്രതിഷേധിച്ചത്. ഗസ്സ,വെസ്റ്റ് ബാങ്ക് അതിർത്തിയിൽ ഫലസ്തീനികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിന് ഇസ്രയേൽ മൈക്രോസോഫ്റ്റ് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതാദ്യമായല്ല കമ്പനിയുടെ ഇസ്രയേൽ ബന്ധത്തിൽ പ്രതിഷേധിക്കുന്ന ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചു വിടുന്നത്.

