Site iconSite icon Janayugom Online

നിങ്ങള്‍ എവിടെയാണെന്ന് മൈക്രോസോഫ്റ്റ് ടീംസ് മേലധികാരിയെ അറിയിക്കും; പുതിയ ഫീച്ചര്‍ വരുന്നു

പുതിയ ലൊക്കേഷന്‍-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ടീംസ്. ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാരുടെ സ്ഥാനം കണ്ടെത്താന്‍ ടീംസിനെ അനുവദിക്കുന്നതാണ് ഈ അപ്ഡേറ്റ്. 2025 ഡിസംബറില്‍ പുറത്തിറങ്ങുന്ന ഈ അപ്ഡേറ്റ് ഹൈബ്രിഡ് ജീവനക്കാരെ അവരുടെ സ്ഥാപനങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ്.ഇതേക്കുറിച്ച് മൈക്രോസോഫ്റ്റിന്റെ വിശദീകരണം ഇങ്ങനെയാണ്: ഉപയോക്താക്കള്‍ അവരുടെ സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്റ്റുചെയ്യുമ്പോള്‍ അവര്‍ ജോലി ചെയ്യുന്ന കെട്ടിടം ഏതാണെന്ന് കാണിക്കുന്നതിനായി ടീംസിന് അവരുടെ വര്‍ക്ക് ലൊക്കേഷന്‍ സ്വയമേവ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഈ ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫ് ആയിരിക്കും. മൈക്രോസോഫ്റ്റിന്റെ അപ്ഡേറ്റിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇത് പ്രവര്‍ത്തനക്ഷമമാക്കണോ എന്ന് ടെനന്റ് അഡ്മിനുകള്‍ക്ക് തീരുമാനിക്കാമെന്നും, ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കണമോ എന്നകാര്യം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഈ ഫീച്ചര്‍ വിന്‍ഡോസിലും മാക്ഒഎസിലും ലഭ്യമാകും.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു മോശം വാര്‍ത്തയായിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാരുടെ സ്ഥാനം കണ്ടെത്താന്‍ ടീംസിനെ അനുവദിക്കുന്ന ഈ അപ്ഡേറ്റ് വിദൂര ജോലിയുടെ ഭാവിയെക്കുറിച്ചും ജോലിസ്ഥലത്തെ നിരീക്ഷണം വര്‍ധിക്കുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ആരൊക്കെ എവിടെയിരുന്നാണ് ജോലി ചെയ്യുന്നത് എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ ഫീച്ചര്‍ എന്ന് മൈക്രോസോഫ്റ്റ് പറയുന്നു. എന്നാല്‍ ജീവനക്കാരുടെ ചെലവില്‍ സ്ഥാപനങ്ങളെ സഹായിക്കുന്ന നിരീക്ഷണ സംവിധാനമാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ‘അപ്പോള്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റ് ടീംസ് ഒരു അറ്റന്‍ഡന്‍സ് മോണിറ്ററായി മാറുകയാണ്. ഇനി ഒരു ദിവസം അവധിയെടുത്താല്‍ ടീംസ് ഡോക്ടറുടെ കുറിപ്പടി ചോദിക്കുമോ?’ എന്ന് ഒരു എക്‌സ് ഉപയോക്താവ് ആശങ്ക പങ്കുവെച്ചു. ‘കൂടുതല്‍ സാങ്കേതികവിദ്യ, ജീവനക്കാരിലുള്ള കുറഞ്ഞ വിശ്വാസം’ എന്നതിന്റെ ഉദാഹരണണ് ഇതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version