Site icon Janayugom Online

പാകിസ്ഥാന്റെ പേടിസ്വപ്നം! മിഗ് 21 ന് അവസാന വ്യോമസേനാ പരേഡ്

ഇന്ത്യന്‍ വ്യോമരംഗത്തെ ഇതിഹാസമായ മിഗ് 21 ന് ഞായറാഴ്ച അവസാന വ്യോമസേനാ പരേഡ്. ഏറെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനം അടുത്ത വ്യോമസേനാ പരേഡുകളില്‍ ഉണ്ടാകില്ല. ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് അവശേഷിക്കുന്ന മൂന്ന് സ്ക്വാഡ്രണുകള്‍ ഒഴിവാക്കുന്ന നടപടികള്‍ക്കും എട്ടിന് തുടക്കമാകും. കാലപ്പഴക്കം, തുടര്‍ച്ചയായ അപകടങ്ങള്‍ എന്നിവ കാരണം മിഗ് 21 യുദ്ധവിമാനങ്ങള്‍ 2025 ഓടെ പൂര്‍ണമായി ഒഴിവാക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി 2022 സെപ്റ്റംബറില്‍ ഒരു സ്ക്വാഡ്രണ്‍ ഒഴിവാക്കിയിരുന്നു.

ഓരോ വര്‍ഷവും ഓരോ സ്ക്വാഡ്രണ്‍ ഒഴിവാക്കി 2025ല്‍ അവസാന സ്ക്വാഡ്രണും ഇല്ലാതാക്കുകയാണ് പദ്ധതി. റഷ്യന്‍ നിര്‍മ്മിത സുഖോയ് 30 എംകെഐയും തദ്ദേശീയമായ തേജസുമായിരിക്കും ഈ വിടവ് നികത്തുക. പരമ്പരാഗത ശത്രുവായ പാകിസ്ഥാന്‍ വ്യോമസേനയുടെ പേടിസ്വപ്നമായിരുന്നു മിഗ് 21. ഏറെ യുദ്ധമുഖങ്ങളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുക്കാന്‍ റഷ്യൻ സൂപ്പര്‍സോണിക് പോര്‍വിമാനത്തിന് കഴിഞ്ഞു. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 വിമാനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിലും മിഗ് 21 വിമാനങ്ങള്‍ ശക്തി തെളിയിച്ചു. 1963 ലാണ് മിഗ് 21 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ശബ്ദത്തേക്കാള്‍ രണ്ടേകാല്‍ മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാനാകുന്ന മിഗിന് 20 കിലോമീറ്റര്‍ അകലെ നിന്നും ശത്രുവിമാനങ്ങളെ തിരിച്ചറിയാനാകും. നിര്‍മ്മാതാക്കളായ റഷ്യ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഉപേക്ഷിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. 1985ലാണ് അവസാനത്തെ മിഗ് 21 ബൈസന്‍ വിമാനം നിര്‍മ്മിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: MiG-21 to fly in Air Force Day parade for last time
You may also like this video

Exit mobile version