Site iconSite icon Janayugom Online

പറക്കുമ്പോള്‍ ഉറങ്ങുന്ന ദേശാടനക്കിളി മലപ്പുറത്തെത്തി

പറക്കുമ്പോള്‍ ഉറങ്ങുന്ന ദേശാടനക്കിളിയായ കറുത്ത കടല്‍ ആളയെ കഴിഞ്ഞദിവസം മഞ്ചേരി ചെറുകുളം വലിയ പാറക്കുന്നില്‍ കണ്ടെത്തി. കരയില്‍ അപൂര്‍വമായിമാത്രം വരാറുള്ള ദേശാടനക്കിളിയാണ് കടല്‍ ആള. പ്രമുഖ പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശബരി ജാനകിയാണ് ഇവയുടെ ചിത്രം പകര്‍ത്തിയത്. ‘നല്ല മഴയില്‍ ചിറകുകള്‍ നനഞ്ഞതുകൊണ്ടാവാം പക്ഷി പാറപ്പുറത്ത് വിശ്രമിക്കാനെത്തിയത്’, ശബരി ജാനകി പറയുന്നു.

ശരാശരി 30 വര്‍ഷമാണ് കറുത്ത കടല്‍ ആളകളുടെ ആയുര്‍ദൈര്‍ഘ്യം. തുടര്‍ച്ചയായി നാലോ അഞ്ചോ വര്‍ഷം ഇവ കടലിന് മുകളില്‍ പറന്നു നടക്കും. ഈ കാലയളവില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ വേണ്ടി മാത്രമേ കരയില്‍ വരൂ. അതുകഴിഞ്ഞാല്‍ യാത്രതുടരും. കടല്‍മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം.

ഉള്‍ക്കടലിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലെ പാറക്കെട്ടുകള്‍ക്കിടയിലും മറ്റുമാണ് മുട്ടയിടുക. ഇങ്ങനെ തുടര്‍ച്ചയായി വര്‍ഷങ്ങളോളം പറക്കുമ്പോള്‍ ഇത്തരം പക്ഷികള്‍ക്ക് വിശ്രമം ആവശ്യമാണ്. അതിനാണ് ഈ ഉറക്കത്തിലെ പറക്കല്‍. നിശ്ചിത ഇടവേളകളില്‍ രണ്ടോ മൂന്നോ സെക്കന്‍ഡാണ് ഉറക്കം. ഇങ്ങനെ ഉറങ്ങുന്ന ഫ്രിംഗറ്റ് പക്ഷികളെക്കുറിച്ച് 2016‑ല്‍ നേച്വര്‍ മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. തലച്ചോറിന്റെ ഒരു ഭാഗത്തിന് വിശ്രമം കൊടുത്ത് മറുഭാഗം മാത്രം ഉപയോഗിച്ചാണ് ഈ ഉറക്കത്തിലെ പറക്കലെന്നാണ് കണ്ടെത്തല്‍. അപൂര്‍വമായി തലച്ചോറിന് പൂര്‍ണവിശ്രമം കൊടുത്തും പറക്കാറുണ്ട്.

ലോകത്തില്‍ 20 ദശലക്ഷത്തിലധികം കറുത്ത കടലാളകള്‍ ഉണ്ടെന്നാണ് കണക്ക്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവയ്ക്ക് പറക്കാനാവും. കുറഞ്ഞ ശരീരഭാരവും നീളമേറിയചിറകുകളുമാണ് ഇങ്ങനെ പറക്കാന്‍ സഹായിക്കുന്നത്. ശരാശരി 200 ഗ്രാം മാത്രം ഭാരം വരുന്ന ഇവക്ക് 80 സെ.മി നീളമുള്ള ചിറകുകളുണ്ട്. കടലിന്റെ ഉപരിതലത്തിലുള്ള മത്സ്യങ്ങളെ കൊക്കുകൊണ്ട് കോരിയെടുത്താണ് ഇരപിടിത്തം. കാരണം മറ്റു കടല്‍ പക്ഷികളെപ്പോലെ ഇവയുടെ ചിറകുകള്‍ക്ക് എണ്ണമയമില്ല. അതുകൊണ്ടുതന്നെ വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കാന്‍ കഴിയില്ല.

Eng­lish sum­ma­ry; migra­to­ry par­rot that sleeps while fly­ing has reached Manjeri

You may also like this video;

Exit mobile version