വാശിയേറിയ മത്സരത്തിൽ മറ്റുള്ളവരെ ഏറെ പിന്നിലാക്കി പോൾ വാൾട്ടിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും സ്വർണം നേടിയതിന്റെ തിളക്കത്തിൽ മിലൻ സാബു. കോട്ടയം പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മിലൻ സാബു നാലു മീറ്റർ ഉയരം മറികടന്നാണ് സ്വർണം നേടിയത്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന കായിക മേളയിലും സ്വർണം നേടിയിരുന്നു.
ഈ വർഷം കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ നിലവിലുള്ള സംസ്ഥാന റെക്കോഡ് ഉയരം 4.07 മറികടന്ന് 4.10 ഉയരം കണ്ടെത്തിയാണ് മിലൻ താരമായത്. ഇക്കുറി നിലവിലുള്ള സംസ്ഥാന റെക്കോഡ് മറികടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. അത് കഴിയാതെ പോയതിന്റെ നിരാശയാണ് മിലനുള്ളത്. പാലാ ജംപ്‌സ് അക്കാദമിയിൽ സതീഷ് കുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. ഈ മാസം 23ന് ലക‌്നൗവിൽ നടക്കുന്ന നാഷണൽ സ്കൂൾ മീറ്റിൽ മിലൻ സാബു റെക്കോഡ് നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് കോച്ച് സതീഷ് കുമാർ പറഞ്ഞു. സഹോദരി മെൽബ മേരി സാബുവിന്റെ പിന്തുടർച്ചയായാണ് മിലനും പോൾവാട്ടിൽ പരിശീലനം തുടങ്ങിയത്. കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ മെൽബ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പോൾവാൾട്ടിൽ വെള്ളി മെഡല്‍ നേടിയിരുന്നു.
ഏറ്റുമാനൂർ കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീജയുടെയും മകനാണ്. മിലന്റെ അച്ഛൻ സാബു ഒരു അപകടത്തിൽ 11 വർഷം മുൻപ് മരണപ്പെട്ടതിന് ശേഷം അമ്മ ഷീജയാണ് മൂന്ന് മക്കൾക്കും പിന്തുണയും എല്ലാ സഹായവും നൽകിവരുന്നത്. കഴിഞ്ഞ തവണ നാഷണൽ മീറ്റിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ദേശീയ കായിക മേളയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു. അതെല്ലാം മറികടന്നാണ് ഇക്കുറി ജില്ലയിലും സംസ്ഥാന കായികമേളയിലും മിലൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. അമ്മ ഷീജ സ്കൂൾ മീറ്റുകളിൽ മെഡലുകൾ നേടിയിട്ടുണ്ട്. മുൻ ദേശീയ വെയിറ്റ് ലിഫ്റ്റ് താരവുമാണ്. മകന്റെ മത്സരം കാണാൻ അമ്മയും സഹോദരിയും മഹാരാജാസ് ഗ്രൗണ്ടിൽ എത്തിയിരുന്നു. മകൻ സ്വർണം നേടിയപ്പോൾ ഗ്രൗണ്ടിലെ കമ്പിവലയ്ക്ക് വെളിയിൽ നിന്നും മകന് സ്നേഹ ചുംബനം നൽകി.