Site iconSite icon Janayugom Online

കാൻസർ ചികിത്സയിൽ നാഴികക്കല്ല്; പുതുപുത്തന്‍ ചികിത്സാ സംവിധാനങ്ങൾ വരുന്നു

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ ഒരുങ്ങുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച മൂന്ന് പ്രധാന ശുപാര്‍ശകള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി സംവിധാനം (60 കോടി), ആര്‍സിസി, എംസിസി എന്നിവിടങ്ങളിലെ ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങള്‍ (18.87 കോടി), ഏകാരോഗ്യവുമായി (വണ്‍ ഹെല്‍ത്ത്) ബന്ധപ്പെട്ട ലാബ് സംവിധാനങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം, ഗവേഷണം (49.02കോടി) എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.

കാന്‍സര്‍ ചികിത്സാ രംഗത്ത് സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് റോബോട്ടിക് സര്‍ജറി നടത്തുന്നത്. റോബോട്ടിക് ശസ്ത്രക്രിയ ഇന്ന് അത്യാധുനികമായ ചികിത്സാ രീതിയാണ്. ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയയില്‍ നിന്നും റോബോട്ടിക് ശസ്ത്രക്രിയയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ കൃത്യതയും ആയാസരഹിതമായ ശസ്ത്രക്രിയ സംവിധാനവുമാണ്. വിവിധതരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെ റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങളാണ്. റോബോട്ടിക് ശസ്ത്രക്രിയ കേരളത്തില്‍ ചില കോര്‍പറേറ്റ് ആശുപത്രികളിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. എംസിസി, ആര്‍സിസി എന്നിവിടങ്ങളില്‍ ഈ അത്യാധുനിക ശസ്ത്രക്രിയ രീതി ലഭ്യമാക്കുന്നതോടെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇത് ഉപകാരപ്രദമാകും. 

ഡിജിറ്റല്‍ പാത്തോളജി സംവിധാനത്തില്‍ മൈക്രോസ്‌കോപ് കോശങ്ങളെ വിശകലനം ചെയ്ത് ബയോപ്‌സി റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനത്തിന് ഉപരിയായി അവയെ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് വലിയ സ്‌ക്രീനുള്ള മോണിറ്ററുകളില്‍ കോശങ്ങളെ വിശദമായി വിശകലനം ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം എംസിസി, ആര്‍സിസി എന്നിവിടങ്ങളിലെ ഡിജിറ്റല്‍ പത്തോളജിയെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. കൂടാതെ നാല് ജില്ലകളിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുകയും, അവയെ എംസിസിയിലെയും, ആര്‍സിസിയിലെയും പാത്തോളജി വിഭാഗങ്ങളുമായി ഡിജിറ്റല്‍ പാത്തോളജി സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയും ചെയ്യും. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ വരുന്ന ബയോപ്‌സി, സൈറ്റോളജി എന്നീ ടെസ്റ്റുകളില്‍ ഈ സംവിധാനത്തിലൂടെ ആര്‍സിസി, എംസിസി എന്നിവയിലെ പാത്തോളജിസ്റ്റുകള്‍ക്ക് വിദഗ്ധാഭിപ്രായം നല്‍കാന്‍ സാധിക്കും. 

Eng­lish Summary:Milestone in Can­cer Treat­ment; New treat­ment sys­tems are coming
You may also like this video

Exit mobile version