സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ മരിച്ചു. വിമാനം പറന്നുയരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒട്ടേറെപ്പേര്‍ക്ക് പരുക്കെന്നാണ് വിവരം. ഒംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. വലിയ സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള പരിക്കേറ്റ സാധാരണക്കാരെ അടിയന്തര സംഘങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഒരു സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 46 മരണം
