Site icon Janayugom Online

അങ്കണവാടി മെനുവില്‍ പാലും മുട്ടയും

അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്താന്‍ തീരുമാനം. ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 61.5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി രൂപ അനുവദിച്ചു. കോവിഡ് മഹാമാരി മൂലം മാതാപിതാക്കളിലൊരാളോ രണ്ടുപേരോ മരിച്ച കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നതിന് 1.30 കോടി അനുവദിച്ചു. 2022–23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90 ശതമാനമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്‌കീമുകള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ നിരക്കില്‍ 18 മാസക്കാലം സാമ്പത്തിക സഹായം നല്‍കുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്ക് 16.5 കോടി അനുവദിച്ചു. അട്ടപ്പാടി മേഖലയിലെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ കുറവ് പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് 25 കോടി വകയിരുത്തി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമ്പത് കോടിയും ലിംഗ അവബോധത്തിന് ഒരു കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടിയും ഉള്‍പ്പെടെ 24 കോടി അനുവദിച്ചു. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയും ബജറ്റില്‍ വകയിരുത്തി.

Eng­lish sum­ma­ry; Milk and eggs on the Angan­wa­di menu

You may also like this video;

Exit mobile version