Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ ലേല നയങ്ങള്‍; ധാന്യ സംസ്കരണത്തിൽ മില്ലുടമകള്‍ കൈക്കലാക്കിയത് 4600 കോടി

കേന്ദ്ര സര്‍ക്കാരിന്റെ സുതാര്യമല്ലാത്ത ലേല നയങ്ങള്‍ വന്‍കിട മില്ലുടമകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. നാല് വര്‍ഷക്കാലം കൊണ്ട് 4,600 കോടി രൂപയോളമാണ് 5.4 ലക്ഷം ടണ്‍ ധാന്യം സംസ്കരിക്കുന്നതിന്റെ പേരില്‍ മില്ലുടമകള്‍ അധികമായി കൈക്കലാക്കിയത്. സര്‍ക്കാരിന്റെ പണം നഷ്ടമാകുന്നതോടൊപ്പം കുറഞ്ഞ ഗുണനിലവാരമുള്ള ധാന്യം ലഭിക്കുന്നതിനും ഇത് കാരണമാകുന്നുവെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും പ്രതിരോധ സേനാംഗങ്ങള്‍ക്കുമായി വിതരണം ചെയ്യുന്നതിനുള്ള ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ നാഫെഡ് ആയിരത്തോളം ലേലങ്ങളാണ് 2018 മുതല്‍ നടത്തിയത്. എന്നാല്‍ മില്ലുകളെ തിരഞ്ഞെടുക്കുന്നത് അടിസ്ഥാന നിരക്ക്പോലും നിര്‍ദേശിക്കാതെയാണെന്ന് ലേല നടപടികളുടെ രേഖകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കണ്ടെത്തുന്നു. 

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെഎവൈ) പദ്ധതി വഴി ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ പരാതിയുന്നയിച്ചതോടെയാണ് ലേലനടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മ ചര്‍ച്ചയാകുന്നത്. ചില സംസ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയും ചെയ്തിരുന്നു. 

കേന്ദ്ര സര്‍ക്കാരിനെതിരെ പരാതികളുയര്‍ന്നതോടെ, വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിനും നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ദ വയര്‍ വ്യക്തമാക്കുന്നു. ലേല നടപടികളിലെ സുതാര്യതയില്ലായ്മയുള്‍പ്പെടെ അന്വേഷണ വിധേയമാക്കി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റിങ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി (സിഐപിഎച്ച്ഇടി) റിപ്പോര്‍ട്ട് നല്‍കിയെന്നും ദ വയര്‍ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ENGLISH SUMMARY:Mill own­ers took over Rs 4,600 crore in grain processing
You may also like this video

Exit mobile version