Site iconSite icon Janayugom Online

ധാതു ഖനനം: സംസ്ഥാനങ്ങള്‍ക്ക് നികുതി ഈടാക്കാം

ധാതുക്കള്‍ക്കു മേല്‍ കേന്ദ്രം ചുമത്തുന്ന റോയല്‍റ്റി നികുതിയല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ധാതുക്കള്‍ക്കു മേല്‍ നികുതി ചുമത്താന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.
1989 ലെ വിധി തള്ളിക്കൊണ്ടാണ് ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം 1957 പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ധാതുക്കളില്‍ നികുതി ചുമത്തുന്നതിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ്മ, മനോജ് മിശ്ര, ബി വി നാഗരത്‌ന, ഹൃഷികേശ് റോയ്, അഭയ് എസ് ഓക, ജെ ബി പര്‍ഡിവാല, ഉജ്വല്‍ ഭുയാന്‍, എ ജി മാസി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഒമ്പതംഗ ബെഞ്ചില്‍ എട്ടു പേര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അനുകൂല വിധിയല്ല പുറപ്പെടുവിച്ചത്.

റോയല്‍റ്റി നികുതിയല്ല. ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സെസ് ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നില്ല. കുടിശിക തിരിച്ചു പിടിക്കാനുള്ള വ്യവസ്ഥയെ സര്‍ക്കാരിനൊടുക്കുന്ന നികുതിയായി കണക്കാക്കാനാകില്ല. കേരളത്തിലെ കരിമണല്‍ ഉള്‍പ്പെടെ ധാതുക്കളുമായി ബന്ധപ്പെട്ട ഖനനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി വിധി ഗുണകരമാണ്. മാത്രമല്ല നിലവില്‍ ഖനന മേഖലയില്‍ പൂര്‍ണാധികാരം കേന്ദ്രത്തിന്റെ പക്കലാണെന്നിരിക്കെ ഇക്കാര്യത്തില്‍ ഇടപെടലിന് സംസ്ഥാനങ്ങള്‍ക്കും പുതിയ ഉത്തരവ് അവസരം നല്‍കുന്നു.

Eng­lish Sum­ma­ry: Min­er­al Min­ing: States can levy taxes

You may also like this video

Exit mobile version