Site iconSite icon Janayugom Online

ധാതു മേഖലാ ലേലം: കേന്ദ്രസര്‍ക്കാര്‍ പിന്മാറി

mineralmineral

അഴിമതിയിലേക്ക് വഴിതുറന്ന് രാജ്യത്തെ പ്രധാന ധാതു മേഖലകളുടെ ലേലത്തില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍. കുത്തക കമ്പനികള്‍ക്ക് ലേലം ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ലേല നടപടി റദ്ദാക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജമ്മുകശ്മീരിലെ സുപ്രധാനമായ ലീഥിയം ലോഹ ഖനനത്തിനുള്ള ലേല അനുമതിയും കേന്ദ്ര ഖനി മന്ത്രാലയം റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.

ജമ്മുകശ്മീരിലെ സലാല്‍-ഹൈംന മേഖലയിലെ ലിഥിയം, ടൈറ്റാനിയം ബോക്സൈറ്റ് പാടം, ഝാര്‍ഖണ്ഡിലെ മുസ്കാനിയ- ഗരേരിയത്തോള ബര്‍വാരി പൊട്ടാഷ് ബ്ലോക്ക്, തമിഴ്നാട്ടിലെ കുരുഞ്ചക്കുളം ഗ്രാഫൈറ്റ് ബ്ലോക്ക് എന്നിവയുടെ ലേലമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഈ വര്‍ഷം മാര്‍ച്ച് 14 ന് നടന്ന മൂന്നാം റൗണ്ട് ലേലത്തില്‍ ഏഴ് നിര്‍ണായക ധാതു ഖനികള്‍ വിറ്റഴിച്ചിരുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനത്തെ ഏഴ് ബ്ലോക്കുകളാണ് മൂന്നാം റൗണ്ടില്‍ ലേലത്തില്‍ വിറ്റ് പോയത്. ഗ്ലോക്കോണൈറ്റ്, ഗ്രാഫൈറ്റ്, നിക്കല്‍, ലിഥിയം, ടൈറ്റാനിയം , പൊട്ടാഷ് തുടങ്ങിയ ധാതുഖനികളാണ് അന്ന് ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ സ്വന്തമാക്കിയത്. 

ആദ്യഘട്ട വില്‍പ്പനയില്‍ 20 ബ്ലോക്കുകളിലെ 13 എണ്ണത്തിന്റെ ലേലം മന്ദഗതിയില്‍ ഉളള പ്രതികരണം കാരണം റദ്ദാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ മൂന്ന് സുപ്രധാന ബ്ലോക്കുകളിലെ ഖനനവും ടെന്‍ഡര്‍ തുക കുറഞ്ഞുവെന്ന് കാട്ടി റദ്ദാക്കുകയായിരുന്നു. ആദ്യമെത്തുന്നവര്‍ക്ക് അവസരം എന്ന നിലയില്‍ ധാതുഖനനം നടത്താനുള്ള പദ്ധതിയാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേദാന്ത എസ്സാര്‍, അ‍ഡാനി, റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തകകളുടെ കൈകളിലേക്കാവും ഇവ ഏറ്റവുമൊടുവില്‍ എത്തുകയെന്നും വിലയിരുത്തപ്പെടുന്നു. 

Eng­lish Sum­ma­ry: Min­er­al Sec­tor Auc­tion: Cen­tral Govt Backs Out

You may also like this video

Exit mobile version