Site icon Janayugom Online

വന്യജീവികളുടെ ആക്രമണങ്ങളും നഷ്ടപരിഹാരവും; കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട് സന്ദർശിക്കാനെത്തിയ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വന്യജീവികളുടെ ആക്രമണങ്ങളും നഷ്ടപരിഹാരവും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് പ്രകാരം ജനവാസ മേഖലയിലെത്തുന്ന ആക്രമണകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നായിരുന്നു ഭൂപേന്ദർ യാദവ് പറഞ്ഞത്.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രമാണെന്നും കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെ പറഞ്ഞ കാര്യങ്ങളാണെന്നാണ് മനസ്സിലാകുന്നതെന്ന് ശശീന്ദ്രൻ പറഞ്ഞു.കേന്ദ്ര വന്യജീവി നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം, മനുഷ്യന് അപകടകരമായ വന്യജീവിയെ പിടികൂടാനോ മയക്കുവടി വയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൊല്ലാൻ ഉത്തരവിടാൻ പാടുള്ളൂ.

മാത്രമല്ല, ഓപറേറ്റിങ് പ്രൊസീജ്യർ, ഗൈഡ് ലൈൻസ്, അഡ്വൈസറി എന്നിങ്ങനെയുള്ള കേന്ദ്ര സർക്കാർ ഏജൻസികൾ പുറപ്പെടുവിച്ച വ്യവസ്ഥകൾ ഈ നിയമത്തെ കൂടുതൽ കർക്കശമാക്കുന്നുമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2016ലെ സിഎഎംപിഎ ഫണ്ട് നിയമ പ്രകാരം പരിഹാര വനവത്കരണം, അധിക പരിഹാര വനവത്കരണം, പീനൽ പരിഹാര വനവത്കരണം, നെറ്റ് പ്രസന്റ് വാല്യൂ എന്നിവയ്ക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാൻ സാധിക്കൂ എന്നും വന്യജീവി ആക്രമണത്തിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചട്ടങ്ങൾക്ക് വിരുദ്ധമായി ആക്രമണത്തിന് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ ഫണ്ട് അനുവദിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.

Eng­lish Summary:Minister AK Saseen­dran against Union For­est Minister
You may also like this video

Exit mobile version