Site icon Janayugom Online

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി; മന്ത്രി ആന്റണി രാജു

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീധനത്തിനെതിരെ സമൂഹ മനസാക്ഷിയനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലത്തെ എസ് വി. വിസ്മയയുടെ ഭര്‍ത്താവ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ ഗതാഗത വകുപ്പില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. സ്ത്രീധന പീഡനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് പൊതുവായ ആവശ്യമാണ്, യാതൊരു ദാക്ഷിണ്യവും കൂടാതെ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ദുഷ് പ്രവണതകള്‍ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

You may also  like this video:

Exit mobile version