നെല്ലിന്റെ വില കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എസ്ബിഐ, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും എടുത്തിട്ടുള്ള 700 കോടി രൂപ പിആര്‍ എസ് വായ്പയായി അഞ്ച് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.
പിആര്‍എസ് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ചില ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം ശ്രദ്ധയില്‍പ്പെടുകയും അത് പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തു.
2022–23 സീസണില്‍ ഇതുവരെ 2.33 ലക്ഷം കര്‍ഷകരില്‍ നിന്നും 6.93 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്.
നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് ഇന്നലെ വരെ 1100 കോടി രൂപ നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് അടിയന്തരമായി നെല്ലിന്റെ വില നല്‍കുവാന്‍ മന്ത്രി ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വില നല്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്നും ഇന്നലെ വരെ 155 കോടി രൂപ വിതരണം ചെയ്തു സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ കൊച്ചിയില്‍ അറിയിച്ചു.
ഇന്നലെ വരെ കാനറാ ബാങ്ക് വഴി 10,955 കർഷകർക്ക് 129 കോടി, എസ്ബിഐ വഴി 125 കർഷകർക്ക് രണ്ട് കോടി, ഫെഡറൽ ബാങ്ക് വഴി 1743 കർഷകർക്ക് 23.65 കോടി രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്.
English Summary: Steps taken to make paddy prices available quickly: Minister G R Anil
You may also like this video