Site iconSite icon Janayugom Online

കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ജി ആര്‍ അനില്‍

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയെ സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് തീയതി മേയ് 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18ന് സംസ്ഥാനത്ത് ആരംഭിച്ച ഇകെവൈസി മസ്റ്ററിങ് നിലവില്‍ 90.89 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചിരിക്കുന്ന അന്തിമ തീയതിയായ മാര്‍ച്ച് 31ന് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തു കഴിയുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും എത്തിച്ചേര്‍ന്ന് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രഹ്ലാദ് ജോഷി മന്ത്രി ജി ആര്‍ അനിലിനെ അറിയിച്ചു. 

റേഷന്‍ കടകളില്‍ ഉപയോഗിച്ചുവരുന്ന ഇ‑പോസ് മെഷീനിലെ ബയോമെട്രിക് സ്കാനര്‍ എല്‍0 കാറ്റഗറിയില്‍ ഉള്ളതാണ്. ഇത് എല്‍1 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അപ്ഗ്രഡേഷന്‍ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. പൊതുവിതരണ സംവിധാനം മുഖേന ഭക്ഷ്യധാന്യം നല്‍കുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമല്ലെന്ന് കേന്ദ്ര മന്ത്രിയെ അറിയിച്ചു. 

ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ റേഷന്‍ വ്യാപാരികള്‍, ചുമട്ട് തൊഴിലാളികള്‍, റേഷന്‍ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ചു കൊണ്ട് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളു എന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി.

Exit mobile version