Site iconSite icon Janayugom Online

കടമെടുപ്പ് വെട്ടിക്കുറയ്ക്കല്‍: കേന്ദ്രനടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി

സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന് കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏഴായിരം കോടി രൂപയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ് അനുമതി നൽകിയത്. ആശങ്കയുണ്ടാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസത്തോടെ സംസ്ഥാനം മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ്, വലിയതോതിൽ തുക അധികം വേണ്ടിവരുന്ന സമയമാണ് അവസാനപാദത്തിലുള്ളത്. മാർച്ചിൽ മാത്രം 20,000 കോടിയാണ് ആവശ്യം. കൂടുതൽ തുക വേണം എന്ന് കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ശത്രുതാപരമായ നടപടിയെന്നും ധനമന്ത്രി പറഞ്ഞു. ട്രഷറി ഉൾപ്പടെയുള്ള പബ്ലിക് അക്കൗണ്ടിന്റെ പേര് പറഞ്ഞാണ് വെട്ടിക്കുറയ്ക്കുന്നത്. പബ്ലിക് അക്കൗണ്ടിൽ പണമില്ല, എന്നിട്ടും വെട്ടിച്ചുരുക്കി.

സംസ്ഥാനത്തിന്റെ എല്ലാ സാമ്പത്തികമായ കണക്കുകൂട്ടലുകളേയും ഇത് ബാധിക്കും. ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ കേരളം ബുദ്ധിമുട്ടുകയാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ കേന്ദ്രസർക്കാരിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കും. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രസർക്കാർ പെരുമാറരുതെന്നും ധനമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: min­is­ter k n bal­agopal against cen­tral government
You may also like this video

Exit mobile version