Site icon Janayugom Online

എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്നത് ഉറപ്പാക്കും: മന്ത്രി കെ രാജന്‍

എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് റവന്യൂ — ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ രാജന്‍ പറഞ്ഞു. അടൂര്‍ മണ്ണടി കല്ലുവെട്ട് ലക്ഷംവീട് കോളനിയില്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നിര്‍മിച്ച് നല്‍കിയ 21 വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ശിലാഫലക അനാച്ഛാദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാ വര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ ജില്ലാ ഭരണകേന്ദ്രത്തില്‍ നിന്ന് ശരിയായ ദിശയില്‍ മുന്നോട്ടു പോകുന്നതായി മനസിലാക്കുന്നു. ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്ത യോഗത്തില്‍ പട്ടയ വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മണ്ണടി കല്ലുവെട്ട് ലക്ഷംവീട് കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭവനം കൈമാറുമ്പോള്‍ നവകേരളം എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പായത്. മണ്ഡലത്തിന്റെ പ്രതിനിധിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചതായും മന്ത്രി പറഞ്ഞു.

യോഗത്തില്‍ നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വീടുകളുടെ പൂര്‍ത്തീകരണത്തിന് റവന്യൂ വകുപ്പും ഹൗസിംഗ് ബോര്‍ഡും പ്രത്യേക ഇടപെടല്‍ നടത്തിയതായി അദേഹം പറഞ്ഞു. വീടുകളുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി.

You may also like this video:

Exit mobile version