Site iconSite icon Janayugom Online

ഓളപ്പരപ്പില്‍ ആവേശമുയര്‍ത്തി ജലമാമാങ്കം നാളെ: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

70-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നമട നെഹ്‌റു പവലിയനിലൊരുക്കിയ വേദിയില്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. മല്‍സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.ടി.ബി.ആര്‍. സുവനീറിന്റെ പ്രകാശനം പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍വഹിക്കും. എച്ച് സലാം എംഎല്‍എ മുഖ്യാഥിതിക്കുള്ള മെമന്റോ കൈമാറും. എംഎല്‍എമാരായ രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, യു പ്രതിഭ, എംഎസ് അരുണ്‍ കുമാര്‍, ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ എന്നിവര്‍ പങ്കെടുക്കും. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ‑3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11‑ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലന്‍ മൂന്ന്‌തൈക്കല്‍ തുഴച്ചില്‍ക്കാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആര്‍.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് സ്വാഗതവും സെക്രട്ടറി സബ് കളക്ടര്‍ സമീര്‍ കിഷന്‍ നന്ദിയും പറയും. മൂന്ന് മണി മുതല്‍ ജലകായിക ഇനങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വൈകിട്ട് അഞ്ചുമണിക്ക് സമ്മാനദാന ചടങ്ങ് ആരംഭിക്കും.

Exit mobile version