Site icon Janayugom Online

പശ്ചിമഘ‌‌ട്ടത്തിന്റെ സംരക്ഷണത്തിനുതകുന്ന കൃഷി രീതികൾ ആവിഷ്കരിക്കും: കൃഷിമന്ത്രി

പശ്ചിമഘ‌‌ട്ടം സംരക്ഷിച്ച് മാത്രമേ ഇനി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികൾ സർക്കാ‍ർ ആവിഷ്കരിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ഗൗരവമായി കണ്ടുകൊണ്ട് കേരളത്തിലെ കൃഷി രീതീയിൽ കാതലായ മാറ്റം വരുത്തും. അതിനുവേണ്ടി കൃഷി ഭൂമിയെ അഗ്രോ ഇക്കോളജിക്കല്‍ സോണുകളായും യൂണിറ്റുകളുമായും തരം തിരിച്ചിട്ടുണ്ട്. ആഗോള താപനം വലിയ വെല്ലുവിളിയാണ് ഉയ‍ർത്തുന്നത്. അതിനാൽ സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർതടങ്ങളും പശ്ചിമഘട്ടവും സംരക്ഷിച്ചുള്ള കൃഷി രീതികൾ മാത്രമേ ന‌ടപ്പാക്കുവെന്നും മന്ത്രി അറിയിച്ചു.

മഴക്കെ‌ടുതി മൂലം ഉണ്ടാകുന്ന കൃഷിനാശങ്ങൾക്ക് അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോ‍ർട്ട് നൽകണം.ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ന‌ടപടി സ്വീകരിക്കും. പരമാവധി വേഗത്തിൽ നഷ്ടപരിഹാരം നൽകണമെന്നാണ് സംസ്ഥാന നയം. നഷ്ട പരിഹാരത്തിനുള്ള അപേക്ഷ സമയം നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ കൃഷി നാശം സംഭവിച്ചവരിൽ നഷ്ടപരിഹാരം ലഭിക്കാത്തവരുണ്ടെങ്കിൽ അവർക്ക് കൂടി ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കും.

കാലാവസ്ഥ വ്യതിയാനം മൂലം ദുരന്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കും. പുതിയ വിളകളെ ഉള്‍പ്പെടുത്തുകയും നഷ്ടപരിഹാരത്തിന്റെ നിലവിലെ തുക പുതുക്കി നിശ്ചയിക്കാനും നടപടി സ്വീകരിക്കും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ തേനീച്ച കൃഷി കൂ‌ടി ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. 

ദുരന്തഭൂമികളിൽ കയ്യാല നി‍ർമ്മിക്കാൻ സഹായം വേണമെന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെ‌ടുത്തും. നിരന്തരമായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി സംസ്ഥാനത്തിന‌ടുത്തുള്ള വിവിധ തുറമുഖങ്ങളിലായി രാസവളങ്ങൾ എത്തിച്ചേർന്നി‌ട്ടുണ്ട്. റയിൽവേയുടെ വാഗൺ ലഭ്യമല്ലാത്ത് മൂലം വളങ്ങൾ കേരളത്തിലേയ്ക്ക് സമയബന്ധിതമായി എത്തിക്കുവാൻ സാധിക്കുന്നില്ല.ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റയിൽവേയു‌ടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്‍ വഴിയും കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇ കെ വിജയന്‍, ജിഎസ് ജയലാല്‍, പിഎസ് സുപാല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, പി പി ചിത്തരഞ്ജന്‍, മാത്യുടി തോമസ്, കെ കെ രമ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ് തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Eng­lish Sum­ma­ry : min­is­ter p prasad on intro­duc­ing new farm­ing meth­ods for the con­ser­va­tion of west­ern ghats

You may also like this video :

Exit mobile version