Site icon Janayugom Online

കൃഷിഭവനുകളെ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തൃശൂര്‍ രാമനിലയത്തില്‍ മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 

പേര് പോലെ കര്‍ഷര്‍കര്‍ക്ക് സ്വന്തം വീടുകളെന്ന് തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകള്‍ മാറണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. 

നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിനത് എളുപ്പത്തില്‍ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങള്‍ തെളിവാണെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി അഡീഷനല്‍ ഡയറക്ടര്‍ ഉമ്മന്‍ തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഫാം ഓഫീസര്‍മാര്‍, കൃഷി അനുബന്ധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry : min­is­ter p prasad on rank­ing krishib­ha­vans in kerala

You may also like this video :

Exit mobile version