Site iconSite icon Janayugom Online

കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി പി പ്രസാദ് സന്ദര്‍ശിച്ചു

കാലവർഷം ശക്തിപ്രാപിച്ചതോടെ ജലനിരപ്പുയർന്ന് വീടുകളിൽ താമസിക്കാൻ പറ്റാതായവർക്ക് കുട്ടനാട്ടിലും ജില്ലയിലെ മറ്റ് താലൂക്കുകളിലും ആവശ്യത്തിന് ക്യാമ്പുകൾ ആരംഭിച്ച് താമസസൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 58 ക്യാമ്പുകളിലായി 1108 കുടുംബങ്ങൾ ഉണ്ട്. 3754 പേർ ക്യാമ്പുകളിൽ കഴിയുന്നു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടവും വകുപ്പുകളും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും മടവീഴ്ച ഉണ്ടായ പ്രദേശങ്ങളും ശനിയാഴ്ച സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടനാട് കുടിവെള്ള പദ്ധതിക്കുണ്ടായിരുന്ന തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ചു. കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എ സി റോഡിലേക്കുള്ള 18 റോഡുകൾ ഉയർത്തി പണിയുന്നതിന് 26 കോടി രൂപ അനുവദിച്ചിണ്ടെന്ന് മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു.

ചമ്പക്കുളം പോരൂക്കര സെൻട്രൽ സ്കൂളിലെ ക്യാമ്പ്, നെടുമുടി സെൻമേരിസ് ഹൈസ്കൂളിലെ ക്യാമ്പ് എന്നിവിടങ്ങളിലും മന്ത്രിയും എം. എൽ. എ. യും സന്ദർശിച്ചു. ചമ്പക്കുളം ഇടംമ്പാടം മാനങ്കേരിയിലെ മടവീഴ്ച ഉണ്ടായ പ്രദേശങ്ങളും സന്ദർശനം നടത്തി. ജില്ല കളക്ടർ ഹരിതാ വി. കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. രാജേന്ദ്രകുമാർ, റ്റി. ജി. ജലജകുമാരി, മിനി മന്മദൻ നായർ, സബ് കളക്ടർ സൂരജ് ഷാജി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിത ജെയിംസ്, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും സംഘത്തോടൊപ്പമുണ്ടായി.

Exit mobile version