ചേർത്തല: പെണ്ണമ്മയ്ക്ക് ഇനി ഗാന്ധിഭവൻ സംരക്ഷണം നൽകും. വർഷങ്ങളായി ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയലാർ പഞ്ചായത്ത് 7-ാം വാർഡിൽ ആയിരവേലി പെണ്ണമ്മ (80) യെയാണ് പത്തനാപുരം ഗാന്ധി ഭവൻ അധികൃതർ ഏറ്റെടുത്തത്. വർഷങ്ങളായി അസുഖബാധിതയായ പെണ്ണമ്മയ്ക്ക് അയൽക്കാരും വാർഡ് അംഗവും ആയിരുന്ന ജയലേഖയുമായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ആദ്യമൊക്കെ ചെറിയ ജോലികൾ ചെയ്തിരുന്നെങ്കിലും പിന്നീട് കിടപ്പിലാകുകയായിരുന്നു.
ജയലേഖ മന്ത്രി പി പ്രസാദിനോട് അവസ്ഥകൾ പറഞ്ഞതോടെയാണ് പെണ്ണമ്മയുടെ ദുരിതത്തിന് അറുതിയായത്. മന്ത്രി പത്തനംതിട്ട ഗാന്ധിഭവനുമായി ബന്ധപെട്ടതോടെ തിങ്കളാഴ്ച ഉച്ചയോടെ ആംബുലൻസ് സംവിധാനമടക്കം എത്തി മന്ത്രി പി പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ പെണ്ണമ്മയെ ഏറ്റുവാങ്ങി പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് കൊണ്ടുപോയി. ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ഫാ. ലൂക്കൊസ് തന്നിമേൽ, സജിനി എന്നിവരും പങ്കെടുത്തു.