Site iconSite icon Janayugom Online

ഭിന്നശേഷി കോർപറേഷനെ കരിവാരി തേക്കാൻ ശ്രമം: മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്ഷേമ കോർപറേഷനിൽ നിന്നും മുച്ചക്ര സൈക്കിൾ വാങ്ങിയ കൊല്ലം അഞ്ചൽ സ്വദേശിയെക്കുറിച്ച് 24 ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു.
മുച്ചക്ര വാഹനം നൽകി ഭിന്നശേഷിക്കാരനായ അനിൽകുമാറിനെയും വണ്ടിയെയും സ്വന്തം നാട്ടിൽ എത്തിക്കാൻ തയ്യാറാകാതെ സംസ്ഥാന ഭിന്നശേഷി കോർപറേഷൻ പറഞ്ഞുവിട്ടുവെന്ന വാർത്ത വാസ്തവമല്ല. സാധാരണ കോർപറേഷൻ ഇത്തരം ഉപകരണങ്ങൾ കോർപറേഷന്റെ വർക്ക്ഷോപ്പിൽ നിർമ്മിച്ച് ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തി ഭിന്നശേഷിക്കാർക്ക് നൽകുകയാണ് പതിവ്.

താമസസ്ഥലത്ത് സൈക്കിൾ എത്തിക്കാമെന്ന് ഹെഡ് ഓഫിസിൽ നിന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകിയിട്ടും അനിൽകുമാർ വാഹനം കൈപ്പറ്റി പോകുകയായിരുന്നുവെന്ന് ഭിന്നശേഷി കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ടൂൾ കിറ്റ് ഉപയോഗിച്ച് വാഹനത്തിന് ആവശ്യമായ ആൾട്ടറേഷനടക്കം വരുത്തിയാണ് അനിൽകുമാർ വാഹനം കൊണ്ടുപോയിട്ടുള്ളതെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ട്.

കോർപറേഷൻ ഓരോ മാസവും ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്കാണ് സഹായ ഉപകരണങ്ങൾ നൽകിവരുന്നത്. ഇത്തരം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഭിന്നശേഷിക്ഷേമ കോർപറേഷൻ അധികാരികളെ ബന്ധപ്പെടുകയോ വിശദീകരണം ആരായുകയോ ചെയ്തിട്ടില്ല. ശ്ലാഘനീയമായി പ്രവർത്തിച്ചുവരുന്ന കോർപറേഷനെയും, അതുവഴി സാമൂഹ്യനീതി വകുപ്പിനെയും സർക്കാരിനെയും കരിവാരി തേക്കാനാണീ വാർത്തയെന്നു ന്യായമായും സംശയമുണ്ട്. വസ്തുത പരിശോധിക്കാതെ ഇത്തരം വാർത്ത കൊടുക്കുന്നത് ദുഃഖകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Eng­lish Sum­ma­ry: Min­is­ter R Bindu against fake news giv­en by 24 News
You may also like this video

YouTube video player
Exit mobile version