Site iconSite icon Janayugom Online

മലയാളം മിഷനിലൂടെ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നത് ലോകത്തെവിടെയുമില്ലാത്ത മാതൃകയെന്ന് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍.പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നൽകുന്ന മലയാളം മിഷന്റെ പ്രഥമ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മലയാള മിഷന്റെ മാതൃകാപരമായ ഭാഷാപ്രവർത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവ കേരള സൃഷ്ടിയുടെ സുപ്രധാന ചുവടുവെപ്പാണ് മിഷനിലൂടെ മലയാള ഭാഷാ തുല്യത നേടിയ കുട്ടികളെന്നും അദ്ദേഹം വിലയിരുത്തി.മലയാളം മിഷൻ്റേത് സുവർണ നേട്ടമാണ്.

മാതൃനാട് ഏതെങ്കിലും ഒരു പ്രതിസന്ധിയെ നേരിട്ടാൽ നാം ഒന്നാണ് എന്ന് മലയാളം മിഷനിലൂടെ പ്രവാസി കുട്ടികൾ പ്രവർത്തിച്ചു കാണിച്ചുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോവളം ക്രാഫ്റ്റ് വില്ലേജിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ മലയാളം മിഷന്റെ ആദ്യ ചാപ്റ്ററുകളായ ചെന്നൈ, മുംബൈ, ഡൽഹി, ഗോവ, പുതുച്ചേരി, ബഹറൈൻ തുടങ്ങി 6 ചാപ്റ്ററുകളിൽ നിന്നുള്ള 150 വിദ്യാർഥികളാണ് നീലക്കുറിഞ്ഞി ഡിപ്ലോമ സമർപ്പണ ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിലാദ്യമായാണ് 150 പ്രവാസ വിദ്യാർത്ഥികൾ പത്താം തരം ഭാഷാ തുല്യതയോടെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് പാസായത്. ചടങ്ങിൽ ഈ ചാപ്റ്ററുകളിൽ നിന്നുള്ള നീലക്കുറിഞ്ഞി അധ്യാപകരെയും ആദരിച്ചു.

Exit mobile version