Site iconSite icon Janayugom Online

മടിക്കൈയില്‍ മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും; മന്ത്രി വി അബ്ദുറഹ്മാൻ

മടിക്കൈ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 5 ഏക്കർ കളിയിടത്തിൽ ഗേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപൊയിലിൽ തോട്ടിനാട്ട് ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കിറ്റ് വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ക്ലബ്ബിനുള്ള ജേഴ്സിയും സ്പോർട്സ് കിറ്റ് വിതരണവും മന്ത്രി നടത്തി. ക്ലബ്ബ് ഭാരവാഹികൾ മന്ത്രിയിൽനിന്ന് ജേഴ്സിയും സ്പോർട്സ് ഉപകരണങ്ങളും ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ഷറഫ് അലി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹ്മാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ശൈലജ, എൻ ബാലകൃഷ്ണൻ, മുൻ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ്അംഗം അനിൽ ബങ്കളം, ക്ലബ് സെക്രട്ടറി ടി വി അനൂപ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി വിജയൻ സ്വാഗതവും കൺവീനർ എം മുകേഷ് നന്ദിയും പറഞ്ഞു.

Exit mobile version