Site iconSite icon Janayugom Online

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ല എന്നാരോപിച്ച് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ വീട് ആക്രമിച്ചിരുന്നു, കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബവീട് ആക്രമിക്കാന്‍ ശ്രമം നടന്നു.

തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. 

സംഭവത്തില്‍ സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിര്‍ത്തണം. ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടിചൂണ്ടിക്കാട്ടി.

Exit mobile version