കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണ് നീക്കമെന്നും മന്ത്രി ആരോപിച്ചു.
ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ.
വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയാളം യുജി പഠനബോര്‍ഡാണ് നേരത്തെ വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്‌സന്റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ഭൂമി ഞാന്‍ വാഴുന്നിടംസിലബസില്‍ ഉള്‍പ്പെടുത്തിയത്.
ഗൗരി ലക്ഷ്മി പാടി ഹിറ്റായ അജിതാ ഹരേ..-യും താരതമ്യപഠനത്തിനായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് വിഷയത്തിൽ പരാതി ഉയർന്നതോടെ ചാന്‍സലറുടെ നിര്‍ദേശപ്രകാരം വിസി ഡോ. പി രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന്, മലയാളം വിഭാഗം മുന്‍ മേധാവി ഡോ എം എം ബഷീര്‍ വിഷയത്തിൽ പഠനം നടത്തുകയും പാട്ടുകൾ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്യുകയുമായിരുന്നു.
Minister V Sivankutty says the expert committee’s recommendation to remove songs by Vedan and Gourilakshmi from the undergraduate curriculum of Kozhikode University is objectionable

