Site icon Janayugom Online

ജീവിത ശൈലി രോഗ പ്രതിരോധത്തിന് പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണാജോർജ്

: ജീവിത ശൈലി രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു. എ എം ആരിഫ് എം പിയുടെ എം പി ഫണ്ടിൽ നിന്നും നൽകിയ എട്ട് ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ് ജീവിത ശൈലി രോഗങ്ങൾ. കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറെപ്പെരും ഇത്തരം രോഗങ്ങൾ ഉണ്ടായിരുന്നവരാണ്. രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ക്യാംപയിനുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കും. കോവിഡ് ചികിത്സാ, പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാൻ ആലപ്പുഴ ജില്ലയ്ക്ക് സാധിച്ചെന്ന് മന്ത്രി വിലയിരുത്തി. ആംബുലൻസുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. യോഗത്തിൽ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു.

എംഎൽഎ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ എ അലക്സാണ്ടർ, നഗരസഭാധ്യക്ഷ സൗമ്യാരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ്, എൻ എച്ച് എം പ്രൊജക്ട് മാനേജർ ഡോ. കെ ആർ രാധാകൃഷ്ണൻ, മാസ് മീഡിയ ഓഫീസർ പി എസ് സുജ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2019–20ലെ എം പി ഫണ്ടിൽ നിന്നും 81 ലക്ഷം രൂപ ചെലവിട്ട് എട്ട് ആംബുലൻസുകളാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി നൽകിയത്.

Exit mobile version