Site icon Janayugom Online

മഹാരാഷ്ട്രയില്‍ വകുപ്പില്ലാതെ മന്ത്രിമാർ; വകുപ്പ് വിഭജനം ഷിന്‍ഡെയ്ക്ക് അടുത്ത പ്രതിസന്ധി

മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം ബിജെപി — വിമത ശിവസേന സഖ്യത്തിന് കീറാമുട്ടി. മുഖ്യമന്ത്രി ചുമതലയേറ്റ് ഒന്നരമാസം പിന്നിട്ട ശേഷം മാത്രമാണ് മന്ത്രിമാരെ നിയമിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ മന്ത്രിമാർക്ക് വകുപ്പുകള്‍ ലഭിച്ചിട്ടില്ല.
വകുപ്പ് വിഭജനത്തിന്റെ പേരില്‍ ഷിന്‍ഡെയും ബിജെപിയും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. എംഎല്‍എമാരുടെ എണ്ണം ചൂണ്ടിക്കാട്ടി പ്രധാനവകുപ്പുകള്‍ ബിജെപി ആവശ്യപ്പെടുന്നു. ഇതില്‍ ഷിന്‍ഡെ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ‘ഭരണഘടനാ വിരുദ്ധ സർക്കാർ വൈരുദ്ധ്യങ്ങളുടെ ഭാരത്തിൽ തകരുകയാണ്’ എന്ന് ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിർത്തിയ ശിവസേന എംഎൽഎമാരോട് വാക്കു പാലിക്കാനാകാതെ പ്രയാസപ്പെടുകയാണ് ഷിൻഡെയെന്നാണ് റിപ്പോർട്ടുകൾ. വിമത നീക്കത്തിനിടെ നാല്പതോളം എംഎൽഎമാരെ ഷിൻഡെ തനിക്ക് അനുകൂലമാക്കിയിരുന്നു. എന്നാൽ അധികാരത്തിലെത്തി ഏറെ ദിവസങ്ങൾക്ക് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും വിമതരിൽ പലരേയും പരിഗണിച്ചില്ല.
ഇതിനെതിരെ മന്ത്രിസഭാ രൂപീകരണ ദിവസം തന്നെ ഉദ്ധവ് താക്കറെ സർക്കാരിൽ സഹമന്ത്രിയായിരുന്ന പ്രഹാർ ജൻശക്തി നേതാവ് ബച്ചു കദു രൂക്ഷമായി വിമർശിച്ചിരുന്നു. വിമത നീക്കം നടത്തുമ്പോൾ മന്ത്രിസ്ഥാനം നൽകുമെന്ന് ഷിൻഡെ ഉറപ്പുനൽകിയിരുന്നു എന്നാണ് ബച്ചു കദു മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുണ്ടായ വിമത നീക്കത്തിൽ തകർന്ന ശിവസേനയെ തിരിച്ചുപിടിക്കാൻ യുവ നേതാവ് ആദിത്യ താക്കറെ രംഗത്തിറങ്ങിയിട്ടുണ്ട്.
പിതാവ് ഉദ്ധവ് താക്കറെയുടെ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ പാർട്ടി പ്രവർത്തകരുമായി നേരിട്ട് സംവദിക്കാനാണ് നീക്കം. നിഷ്ഠ യാത്ര, ശിവസംവാദ് പ്രചാരണങ്ങളിലൂടെ പ്രവർത്തകരെ ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒന്നര മാസമായി ആദിത്യ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിമത സേന എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Min­is­ters with­out depart­ments in Maha­rash­tra; Depart­men­tal divi­sion is the next cri­sis for Shinde

You may like this video also

Exit mobile version