Site iconSite icon Janayugom Online

മിന്നലാഴങ്ങൾ

വഴികൾ
വ്യത്യസ്തമാവുമ്പോഴും
പരിചയമുള്ള
ഒരു നീർച്ചാൽ
ഇടയിലൂടെ തണുപ്പിച്ച്
കടന്നു പോവും
കാറ്റിന്റെ ദിശകൾ
അലോസരപ്പെടുത്തുമെങ്കിലും
പറക്കാൻ മടിക്കുന്ന
അപ്പൂപ്പൻതാടി
ഏത് വഴിയിലേക്കൊതുങ്ങണം
എന്നറിയാതെ
ഇലയില്ലാ കമ്പിൽ
തൂങ്ങിയ
നിറവർണ്ണപ്പട്ടത്തിന്റെ
കൂട്ടിനെത്തും
പറഞ്ഞ് പറഞ്ഞ്
പതം വന്ന വാക്കുകളാൽ
പ്രണയം കുറിച്ചപ്പോഴേയ്ക്കും
ഒരു കളിത്തിര
വന്നത് മായ്ച്ചുവോ?
കളിത്തിരയെന്ന് കാറ്റും
ജീവിതമെന്ന്
അപ്പൂപ്പൻതാടിയും
ഒടുവിൽ
നിന്റെ കൈകളിലെന്നും
സ്ഥിരതയില്ലാതെ
ഞാൻ പറക്കാം എന്ന
തീർപ്പിൻമേൽ
ഇപ്പോഴും
കാഴ്ചകളിലമർന്ന്
അവർ കഥ പറഞ്ഞു
കൊണ്ടേയിരിക്കുന്നു
എങ്കിലും
മണൽത്തരിയിലെ
സൗഹൃദക്കാഴ്ചകളിൽ
പാദങ്ങളുടെ
അകലം കുറയുന്നത്
ഓരോ
കാൽവയ്പും
ഭൂമിയിലമരുന്ന
വെള്ളാരം കല്ലുകളോട്
അറിയാതെ
പറയുന്നുണ്ട്
തിക്കിലും തിരക്കിലും
കണ്ണുകൾ
തിരയുമ്പോഴും
പരിചയമില്ലാത്ത
ഒരു ശീതക്കാറ്റിലെ
മേഘക്കറുപ്പിലും
തെളിഞ്ഞത്
എല്ലാം നിഷ്പ്രഭമാക്കുന്ന
മിന്നൊലൊളി;
ആ പ്രഭാപൂരം!
അതൊരു ആശ്വാസമാണ്
കെട്ടു കാഴ്ചകൾക്കതീതമായൊരു
കെടാവിളക്കിന്റെ
തെളിവെട്ടം പോലെ 

Exit mobile version