മിനിയാപൊളിസിൽ യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥൻ സ്ത്രീയെ വെടിവച്ചു കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് നീക്കം. എഫ്ബിഐയും യുഎസ് നീതിന്യായ വകുപ്പും കേസുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചതായി മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷൻ (ബിസിഎ) അറിയിച്ചു.
അമേരിക്കന്‍ പൗരയായ റെനി നിക്കോൾ മാക്ലിൻ ഗുഡ് (37) വെടിയേറ്റ മരിച്ച സംഭവത്തില്‍ സംസ്ഥാന, ഫെഡറൽ ഉദ്യോഗസ്ഥർ സംയുക്തമായി അന്വേഷണം നടത്തുമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ എഫ്ബിഐ മാത്രമായിരിക്കും അന്വേഷണം നയിക്കുകയെന്നും മഗ്രവും സ്വതന്ത്രവുമായ അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ രേഖകള്‍, തെളിവുകൾ, ദൃക‍്‍സാക്ഷികള്‍ എന്നിവയിലേക്ക് ബിസിഎയ്ക്ക് ഇനി പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പിന്നീട് അറിയിപ്പ് ലഭിക്കുകയായിരുന്നു.
ട്രംപ് ഭരണകൂടം കേസിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് മിനസോട്ട ഉദ്യോഗസ്ഥർ ആരോപിക്കുന്നതിനാൽ, സംസ്ഥാന അധികാരികളെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിച്ചു. വെടിവയ്പിന്റെ സ്വാഭാവവും ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള തെറ്റായ വിവരണങ്ങളും അന്വേഷണത്തിന്റെ ഫലത്തെക്കുറിച്ച് ഭയം ജനിപ്പിക്കുന്നുണ്ടെന്ന് മിനിസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞു.

