Site icon Janayugom Online

ചെറിയ മുറിവ് കാര്യങ്ങള്‍ വഷളാക്കി, പിഞ്ചുകുഞ്ഞിനെ മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി ജർമനി; കണ്ണീരോട് കാത്തിരിപ്പ്

ജീവിതം കെട്ടിപ്പടുത്താന്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയ ചെറുകുടുംബം ഇന്ന് മുംബൈയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കരുണകാത്ത് കഴിയുകയാണ്. ജർമ്മനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന തങ്ങളുടെ സ്വന്തം കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഈ മാതാപിതാക്കള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍ നിന്ന് പിരിക്കാന്‍ കാരണമായത്. ഏഴാം മാസത്തിലാണ് കുട്ടിയെ അച്ഛന്റെയും അമ്മയുടെയും പക്കല്‍ നിന്ന് വേര്‍പ്പെടുത്തിയത്. ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായും ഭാര്യ ധാരാ ഷായ്ക്കുമാണ് വേര്‍പാടിന്റെ വേദന പേറികഴിയുന്നത്.

ഇവരുടെ ആദ്യത്തെ കണ്‍മണി അരിഹയ്ക്കാണ് 2021 സെപ്തംബര്‍ മാസത്തില്‍ സ്വകാര്യ ഭാഗത്തിനടുത്ത് ചെറിയ മുറിവ് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. ദിവസങ്ങൾക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടർ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തി കുഞ്ഞിനെ കൈമാറിയത്. സ്വകാര്യഭാഗത്ത് പരിക്ക് കണ്ടെത്തിയതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി അവരുടെ വാദം. കുഞ്ഞിന്‍റെ പിതൃത്വവും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന് അത് പോലും നിഷേധിച്ചു. പാൽ ശേഖരിച്ച് കുപ്പിയിലാക്കി നൽകാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ഡിഎൻഐ ടെസ്റ്റിലൂടെ പിതൃത്വവും തെളിയിച്ചു. പിന്നാലെ ആശുപത്രി ഡോക്ടർമാരും നിലപാട് തിരുത്തി. എന്നാല്‍ കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോൾ അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ടു പോവാനാണ് ജർമ്മൻ സർക്കാർ ശ്രമിച്ചത്. മാസത്തിൽ ഒരിക്കൽ കുഞ്ഞിനെ ഏതാനും മിനിറ്റ് കാണാൻ മാത്രം അനുവദിക്കുന്നത്. ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭാവേഷിന് ഇപ്പോള്‍ ജോലിയും നഷ്ടമായി. ഇന്ത്യൻഭാഷ അറിയാത്തതിനാൽ കുഞ്ഞിനെ നാട്ടിലേക്ക് വിടാനാകില്ലെന്നാണ് ജർമ്മൻ അധികൃതർ പറയുന്നത്. ഭാഷ പഠിപ്പിക്കാമെന്ന് പറ‍യുമ്പോൾ അനുവദിക്കാറുമില്ല. ഇപ്പോള്‍ കുഞ്ഞിന് മൂന്ന് വയസ്സായി. മകളോട് ഓരോ വട്ടവും യാത്ര പറയുമ്പോഴും കയ്യിൽ പിടിച്ച് കരയുകയും ഒപ്പം കൊണ്ട് പോവണമെന്ന് പറയും ചെയ്യുമെന്ന് മാതാപിതാക്കള്‍ പറയുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവര്‍ പരാതിയും നല്‍കി. ഇന്ത്യൻ സർക്കാർ ശക്തമായി ഇടപെടും വരെ ഇവര്‍ക്ക് സ്വന്തം മകളെ ചേര്‍ത്ത് പിടിക്കാന്‍ കഴിയില്ല.

Eng­lish Summary;The minor injury made mat­ters worse, and Ger­many sep­a­rat­ed the tod­dler from his parents
You may also like this video

Exit mobile version