Site iconSite icon Janayugom Online

വഖഫ് നിയമഭേദഗതിയില്‍ വിയോജിപ്പുമായി ന്യൂനപക്ഷ മോര്‍ച്ച

WaqfWaqf

വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ വിവാദതീരുമാനത്തെ ചോദ്യം ചെയ്ത് ന്യൂനപക്ഷ മോര്‍ച്ച. വിവാദ വ്യവസ്ഥകള്‍ അടങ്ങിയ ബില്‍ പാസാകുന്ന പക്ഷം ബിജെപിയില്‍ നിന്ന് മുസ്ലിം സമുദായം അകന്നുപോകുമെന്ന് മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവുമായി മോര്‍ച്ച ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

മോഡി സര്‍ക്കാരിന്റെ വിവാദ തീരുമാനത്തെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും നഖശിഖാന്തം എതിര്‍ക്കുന്ന അവസരത്തിലാണ് പാളയത്തില്‍പ്പട പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 27ന് ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് മോര്‍ച്ച നേതാക്കള്‍ വിവാദ ബില്ലില്‍ വിയോജിപ്പ് അറിയിച്ചത്. വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസിന്റെ അഭിപ്രായത്തെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.
വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുക, ബോര്‍ഡില്‍ മറ്റ് സമുദായാംഗങ്ങളെ ഉള്‍പ്പെടുത്തുക തുടങ്ങിയ പരിഷ്കാരമാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ തീരുമാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മോര്‍ച്ച ഭാരവാഹികളുമായി ചര്‍ച്ച നടത്തണമായിരുന്നു. ഭേദഗതി സംബന്ധിച്ച് സമുദായാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ട അവസ്ഥയാണ് നേതാക്കള്‍ക്ക്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖിയുടെ നടപടികളെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.

നിര്‍ദിഷ്ട വിവാദ വ്യവസ്ഥകള്‍ പാസാക്കുന്ന പക്ഷം വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് യോഗത്തില്‍ വാദമുയര്‍ന്നു. 1995ലെ വഖഫ് നിയമത്തെ പരിഷ്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയതിന് പിന്നാലെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നു. പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നതോടെയാണ് ബില്‍ ജെപിസിക്ക് വിട്ടത്. മോഡി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ടിഡിപി, ജെഡിയു, എല്‍ജെപി തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെതിരെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ വഖഫ് നിയമ ഭേദഗതിയെ എതിർക്കുമെന്ന് ഒഡിഷ മുൻ മുഖ്യമന്ത്രിയും ബിജു ജനതാദൾ പ്രസിഡന്റുമായ നവീൻ പട്‌നായിക് പറഞ്ഞു. പാർട്ടി ആസ്ഥാനമായ ശംഖ ഭവനിൽ ന്യൂനപക്ഷ സെല്ലിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ബിജെഡിക്ക് എട്ട് അംഗങ്ങളുണ്ട്. 

Exit mobile version