Site iconSite icon Janayugom Online

ദിവ്യാത്ഭുതം; കൊനേരു ഹംപി ഗ്രാന്‍ഡ്‌ മാസ്റ്ററാകുമ്പോള്‍ ദിവ്യ ജനിച്ചില്ല

ചെസ് ലോകത്ത് 19-ാം വയസില്‍ തന്റെ പേര് തങ്കലിപികളില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്പിച്ചാണ് ദിവ്യ വനിതാ ചെസ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ലോക വനിതാ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും 19കാരിയായ ദിവ്യയെ തേടിയെത്തി. ഹംപി 2002ൽ ഗ്രാൻഡ്‌മാസ്റ്റർ ആകുമ്പോൾ ദിവ്യ ദേശ്‌മുഖ് ജനിച്ചിട്ടില്ല. 2005 ഡിസംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദിവ്യയുടെ ജനനം. അച്ഛന്‍ ജിതേന്ദ്ര ദേശ്‌മുഖും അമ്മ നമ്രത ദേശ്‌മുഖും ഡോക്ടര്‍മാരാണ്. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖിന് ചെസിനോടുള്ള കമ്പത്തെ തുടര്‍ന്നാണ് ചെറുപ്പത്തില്‍ തന്നെ ദിവ്യയും ചെസിലേക്ക് തിരിയുന്നത്. ഏഴാം വയസില്‍ ചെസ് ചാമ്പ്യനായ ദിവ്യ 2014ല്‍ 10 വയസില്‍ താഴെയുള്ളവരുടെ ഫിഡെ മാസ്റ്ററില്‍ ജേതാവായി ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി. 2020ൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു ദിവ്യ. 2021ല്‍ വനിതാ ചെസ് ഇന്റർനാഷനൽ മാസ്റ്ററായി. 2022ല്‍ ഇന്ത്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ അതേവര്‍ഷം ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടി ഞെട്ടിച്ചു. 

2023ൽ അൽമാട്ടിയിൽ നടന്ന ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവ്യ വിജയിയായി. ടാറ്റ സ്റ്റീൽ ഇന്ത്യ ചെസ് ടൂർണമെന്റിലെ വനിതാ റാപ്പിഡ് വിഭാഗത്തിൽ താഴത്തെ സീഡ് ആയിരുന്നിട്ടും ഒന്നാം സ്ഥാനത്തെത്തി. ടൂർണമെന്റിൽ, ഹാരിക ദ്രോണവല്ലി, വാണ്ടിക അഗർവാൾ, കൊനേരു ഹംപി, സവിത ശ്രീ ബി, ഐറിന ക്രുഷ്, നിനോ ബറ്റ്സിയാഷ്വിലി എന്നിവരെ പരാജയപ്പെടുത്തുകയും വനിതാ ലോക ചാമ്പ്യന്മാരായ ജു വെൻജുൻ, അന്ന ഉഷേനിന എന്നിവരോട് സമനില വഴങ്ങുകയും, പോളിന ഷുവലോവയോട് ടൂർണമെന്റിലെ ഏക തോൽവി വഴങ്ങുകയും ചെയ്തു. 2024 മേയിൽ നടന്ന ഷാർജ ചലഞ്ചേഴ്‌സില്‍ ദിവ്യ ജേതാവായിരുന്നു. ജൂൺ 13ന് ദിവ്യ 2024 ഫിഡെ വേൾഡ് അണ്ടർ 20 ഗേൾസ് ചെസ് ചാമ്പ്യനായി. കിരീടനേട്ടത്തോടെ കൊനേരു ഹംപി (2001), ഹരിക ദ്രോണവല്ലി (2008), സൗമ്യ സ്വാമിനാഥൻ (2009) എന്നിവർക്ക് ശേഷം ഈ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാകുകയും ചെയ്തു.

2025 വനിതാ ചെസ് ലോകകപ്പിനിറങ്ങുമ്പോള്‍ 15-ാം സീഡ് താരമായിരുന്നു ദിവ്യ. രണ്ടാം സീഡ് ചൈനക്കാരി സു ജിനറിനെ പരാജയപ്പെടുത്തിയാണ് പോരാട്ടം തുടങ്ങിയത്. ക്വാർട്ടർ ഫൈനലിൽ 10–ാം സീഡ് ഇന്ത്യയുടെ ഹരിക ദ്രോണവല്ലിയെയും സെമിഫൈനലിൽ മൂന്നാം സീഡ് ചൈനക്കാരി ടാൻ സോങ്‌യിയെയും മറികടന്നാണ് ദിവ്യ ചരിത്ര ഫൈനലിനെത്തിയത്. വനിതാ ചെസ് ലോകകപ്പ് ചരിത്രത്തില്‍ വാശിയേറിയ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടി. 15-ാം വയസില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി നേടിയ ഹംപിയുമായുള്ള ഫൈനലില്‍ ആദ്യ രണ്ട് ഗെയും സമനിലയായി. ഒടുവില്‍ ടൈബ്രേക്കറില്‍ ഹംപിയെ വീഴ്ത്തിയാണ് ദിവ്യ ചരിത്ര നേട്ടത്തിലെത്തുന്നത്. കിരീടത്തോടൊപ്പം ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യ­ന്‍ വനിതാ താരമെന്ന നേട്ടവും ദിവ്യ നേടി. ഇന്ത്യയുടെ 88-ാമത്തെ ഗ്രാന്‍ഡ്‌മാസ്റ്ററുമാണ് ദിവ്യ. 2463 ആണ് ദിവ്യയുടെ ഫിഡെ റേറ്റിങ്.

Exit mobile version