Site iconSite icon Janayugom Online

പൊതുഫണ്ട് ദുര്‍വിനിയോഗം: കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

മദ്യനയ അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും കേസ്. വലിയ ഹോര്‍ഡിങുകള്‍ സ്ഥാപിച്ച് പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ നിയമനടപടി. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി നേഹ മിത്തല്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു.
ഈമാസം 18നകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിക്രമം പാലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. 

കെജ്‌രിവാളിന് പുറമേ എഎപി നേതാക്കളായ ഗുലാബ് സിങ്, നികിത ശര്‍മ്മ എന്നിവരും പ്രതികളാണ്. നേരത്തെ പ്രാദേശിക കോടതി കെജ്‌രിവാളിനെതിരായ ഹര്‍ജി അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് റോസ് അവന്യൂ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
എഎപി അധികാരത്തിലിരുന്ന 10 വര്‍ഷത്തിനിടെ സ്വന്തം പരസ്യത്തിനുവേണ്ടി പൊതുഫണ്ടില്‍ നിന്നും പണം ദുരുപയോഗം ചെയ്തുവെന്ന് ബിജെപി 2019 മുതല്‍ ആരോപിച്ചിരുന്നു. 

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി പൊതു ഫണ്ട് വിനിയോഗം ചെയ്തുവെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് പലിശയുള്‍പ്പെടെ 163.62 കോടി രൂപ തിരിച്ചടയ്ക്കാന്‍ എഎപിയോട് ആവശ്യപ്പെട്ടിരുന്നു. ബിസിനസ് ബ്ലാസ്റ്റേഴ്സ് പദ്ധതിക്ക് 54 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍, പരസ്യ ചെലവിനത്തില്‍ 80 കോടി ചെലവഴിച്ചതായും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ എഎപി എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. 

Exit mobile version