Site icon Janayugom Online

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം; അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉല്പാദനം നിരോധിച്ചു

യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉല്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു.
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലോക്കോമ, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള ചികിത്സക്കായി കമ്പനി പുറത്തിറക്കിയിരുന്ന അഞ്ച് ഉല്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടി. 

കേരളത്തില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധന്‍ കെ വി ബാബു ഈ വര്‍ഷം ജൂലൈയില്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ആയുര്‍വേദ, യുനാനി ലൈസന്‍സിങ് അതോറിറ്റിയുടെ നടപടി. ഇതനുസരിച്ച് മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയുടെ ഉല്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അംഗീകാരം നേടുന്നതിനായി പുതുക്കിയ വിവരങ്ങള്‍ നല്‍കണം. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പരസ്യങ്ങള്‍ മാത്രമേ കമ്പനി ഭാവിയില്‍ പ്രചരിപ്പിക്കാവൂ എന്നും അല്ലെങ്കില്‍ മരുന്നുകളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ദിവ്യ ഫാര്‍മസിയുടെ പരസ്യങ്ങള്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട്, 1940, മാജിക് റെമഡീസ് ആക്‌ട്, 1954 എന്നിവയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലിപിഡോം എന്ന ഉല്പന്നം “ഒരാഴ്‌ചയ്‌ക്കുള്ളില്‍” കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും രക്തസമ്മര്‍ദ്ദത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കുമെന്നും വരെ പതഞ്ജലി അവകാശപ്പെട്ടിരുന്നു. 

Eng­lish Summary:Misleading claim; Pro­duc­tion of five Patan­jali med­i­cines banned
You may also like this video

Exit mobile version