നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) വീണ്ടും പാഠപുസ്തക വിവാദത്തില്‍. ‘ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യങ്ങളും പ്രയോഗങ്ങളും’ എന്നപുസ്തകത്തിലെ ആയുര്‍വേദത്തിന്റെ ത്രിദോഷ സിദ്ധാന്തം വിശദീകരിക്കുന്ന ഏഴാം അധ്യായമാണ് വിവാദമായത്. ആയുര്‍വേദത്തിന്റെ പഴക്കത്തെക്കുറിച്ച് പുസ്തകത്തില്‍ 1,500 കൊല്ലം പെരുപ്പിച്ച് കാണിക്കുന്നു. 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദം ക്രോഡീകരിക്കപ്പെട്ടെന്ന് അവകാശപ്പെടുന്നത് വസ്തുതാപരമായ പിശകാണ്. ആദ്യകാല ആയുര്‍വേദ ഗ്രന്ഥങ്ങള്‍ ബിസി ആറാം നൂറ്റാണ്ടിലാണ് ഉണ്ടായതെന്നും ജി എല്‍ കൃഷ്ണ പറയുന്നു.
പതിനൊന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ആയുര്‍വേദത്തെ കുറിച്ചുള്ള അധ്യായത്തിലാണ് ഇതുള്ളത്.പുസ്തകത്തില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത അവകാശവാദങ്ങളുണ്ടെന്ന് ബംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് വിസിറ്റിങ് പ്രൊഫസറും ഫിസിഷ്യനുമായ ജി എല്‍ കൃഷ്ണ ചൂണ്ടിക്കാട്ടി.
ത്രിദോഷ സിദ്ധാന്തമനുസരിച്ച്, ആരോഗ്യവും രോഗവും നിയന്ത്രിക്കുന്നത് വാത‑പിത്ത‑കഫ ദോഷങ്ങളുടെ ഘടകങ്ങളുടെ അളവും അസന്തുലിതാവസ്ഥയുമാണ്. ആയുര്‍വേദ ചികിത്സാശാസ്ത്രം വ്യത്യസ്തവും സമഗ്രവുമാണ്. എല്ലാ കാര്യങ്ങളും അത് പരിഗണിക്കുന്നു. മരുന്നുകള്‍, ആഹാരക്രമം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചികിത്സപരമായ എല്ലാ ഘടകങ്ങളെയും ഉള്‍ക്കൊള്ളുന്നു- എന്നാണ് പുസ്തകം പറയുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് ജി എല്‍ കൃഷ്ണ ചൂണ്ടിക്കാട്ടി.
ത്രിദോഷ സിദ്ധാന്തം ലളിതമായ ആശയമാണ്. പ്രാചീനര്‍ അവരുടെ ചികിത്സാ അനുഭവം ചിട്ടപ്പെടുത്താന്‍ ആവിഷ്കരിച്ചതാണ്. ഇത് ഉപയോഗപ്രദമാണെങ്കിലും ചിലനേരത്ത് ഫലിക്കില്ലെന്നും ജി എല്‍ കൃഷ്ണ പറയുന്നു. ലളിതമായി തയ്യാറാക്കിയ ചികിത്സാ മാതൃകകള്‍ സമഗ്ര സിദ്ധാന്തങ്ങളായി തെറ്റിദ്ധരിച്ചാല്‍ രോഗനിര്‍ണയം കൃത്യമാകില്ല, രോഗാവസ്ഥ ശരിയായി കൈകാര്യം ചെയ്യാനും സാധിക്കില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങളിലെ പിശകുകള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ ഡീനും എന്‍സിഇആര്‍ടി പാഠപുസ്തക വികസന സമിതി മുന്‍ ചെയര്‍പേഴ്സണുമായ അനിത രാംപാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പാഠപുസ്തകങ്ങള്‍ തെറ്റില്ലാത്തതും ആധികാരികവുമാണ് എന്ന് വിശ്വസിക്കുന്നതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ തെറ്റുകള്‍ അംഗീകരിക്കുകയും തിരുത്തുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
English Summary: Misrepresentation of Ayurveda: NCERT again in textbook controversy
You may also like this video